നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച അവധി


കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. രോഗവ്യാപനത്തിനെതിരെയുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് അവധി പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം നടത്തിയാല്‍ മതിയെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് അവധി തീരുമാനമുണ്ടായത്.

അതേസമയം നിപ വൈറസ് വ്യാജ സൃഷ്ടിയെന്ന് ഫേസ് ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂര്‍ ചെട്ട്യാംകണ്ടി അനില്‍ കുമാറിനെതിരെയാണ് ഐ.ടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തത്. ഇന്നലെയായിരുന്നു സംഭവം.

നിപ വ്യാജ സൃഷ്ടിയാണെന്നും ഇതിന് പിന്നില്‍ വന്‍കിട ഫാര്‍മസി കമ്പനിയാണെന്നുമായിരുന്നു അനില്‍ കുമാറിന്റെ പോസ്റ്റ്. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകള്‍ പൊതു സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന പരാതി ഉയര്‍ന്നതോടെയാണ് പൊലീസ് നടപടി.

കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കോർപ്പറേഷനിലെ ചെറുവണ്ണൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ഓഗസ്റ്ററ് 30 ന് മരണപ്പെട്ട ആയഞ്ചേരി സ്വദേശിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നയാളാണിത്. രോഗിയായ ബന്ധുവിനൊപ്പം കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെത്തിയതായിരുന്നു ഇയാള്‍.

മരിച്ച രണ്ടുപേര്‍ ഉള്‍പ്പെടെ ഇതോടെ സംസ്ഥാനത്ത് ആറുപേര്‍ക്കാണ് ഇതുവരെ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോടിന് പുറമേ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ ഒമ്പത് പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകള്‍ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. അതേസമയം, കഴിഞ്ഞദിവസം പരിശോധനയ്ക്ക് അയച്ച ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ള പതിനൊന്ന് സാമ്പിളുകള്‍ നെഗറ്റീവായത് ആശ്വാസകരമാണ്. ആകെ 950 പേരാണ് നിപ സമ്പര്‍ക്ക പട്ടികയിലുള്ളത്. 213 പേര്‍ ഹൈ റിസ്സ്‌ക് പട്ടികയിലാണ്. 287 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. സ്വകാര്യ ആശുപത്രികളിലുള്ള 4 പേരാണ് ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ളത്. 17 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്.