നിപ: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിശോധന ഏര്‍പ്പെടുത്തി തമിഴ്നാട്
കോഴിക്കോട്: ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് പരിശോധന ഏര്‍പ്പെടുത്തി തമിഴ്നാട്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും പരിശോധന കര്‍ശനമാക്കാനാണ് തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം. ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഐസോലേഷന് വാര്‍ഡുകളില്‍ ചികിത്സ നല്‍കാനും തീരുമാനിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
കേന്ദ്രസംഘത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സംസ്ഥാനം സന്ദര്‍ശിച്ച് നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ഇടപെടലുകള്‍. നിലവില്‍ കോഴിക്കോട് 8 പഞ്ചായത്തുകളിലെ നാല്‍പ്പതോളം വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളിലാണ്. നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കൂടുതല്‍ പേരെ ഇന്ന് കണ്ടെത്തിയിരുന്നു. മൂന്ന് കേസുകളില്‍ നിന്നായി നിലവില്‍ 702 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ആദ്യ മരണപ്പെട്ടയാളുടെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാമത്തെ ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 281 പേരും ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 50 പേരുമാണുള്ളത്.
രോഗബാധിത പ്രദേശങ്ങളില്‍ നിലവില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അതിനിടെ, നിപ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഇന്ന് വൈകിട്ട് നാലരയ്ക്ക് ഉന്നത തല യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഓണ്‍ലൈന്‍ യോഗത്തില്‍ അഞ്ച് മന്ത്രിമാര്‍ പങ്കെടുക്കും. ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ മന്ത്രി വീണ ജോര്‍ജ്ജ് വിശദീകരിക്കും.