നിപ ഉറവിടം കണ്ടെത്തല്‍: കാട്ടുപന്നികളുടെ സാമ്പിള്‍ ശേഖരിക്കില്ല


കോഴിക്കോട്: നിപയുടെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി കാട്ടുപന്നികളുടെ സാമ്പിള്‍ ശേഖരിക്കേണ്ടതില്ലെന്ന് മൃഗസംരക്ഷണവകുപ്പ്. പ്രദേശത്ത് കാട്ടുപന്നികളുടെ സാന്നിധ്യം ഈയടുത്തകാലത്തൊന്നുമുണ്ടായിട്ടില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിന് സമീപത്ത് ആറുമാസം മുമ്പാണ് കാട്ടുപന്നിയെ അവസാനമായി കണ്ടത്. അതിനുശേഷം പന്നിയുടെ സാന്നിധ്യമുണ്ടായിട്ടില്ല.

പന്നിയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിട്ടുണ്ടെങ്കില്‍ മാത്രമേ വൈറസ് പകരുകയുള്ളൂ. അത്തരം സാഹചര്യം ഈ കേസില്‍ ഇല്ലാത്തതിനാലാണ് കാട്ടുപന്നിയുടെ സാമ്പിള്‍ എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

അതിനിടെ, ഉറവിടം നിപ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ന് പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘം വവ്വാലുകളെ പിടിക്കും. മുന്നൂരില്‍ നിപ ബാധിച്ചു മരിച്ച ഹാഷിമിന്റെ വീട്ടുപറമ്പിലും വവ്വാലിന്റെ ആവാസസ്ഥലത്തും സംഘം പരിശോധന നടത്തി. വീട്ടുപറമ്പിലെ അടയ്ക്കകള്‍ വവ്വാലുകള്‍ കടിച്ചത് വ്യക്തമായതിനാല്‍ അതില്‍ നിന്നാണോ വൈറസ് വ്യാപനമുണ്ടായതെന്ന പരിശോധന വേണമെന്നും സംഘം അഭിപ്രായപ്പെട്ടു.

എന്‍.ഐ.വിയില്‍ നിന്നുള്ള ബാറ്റ് സര്‍വേസംഘം തലവന്‍ ഡോ. മംഗേഷ് ഗോഖലെ, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയ, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍മാരായ ഡോ. അജേഷ് മോഹന്‍ദാസ്, ഡോ. അരുണ്‍ സത്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസത്തെ പരിശോധന.