നിപ്പാ വൈറസിനെ മറക്കല്ലേ… വവ്വാലുകളുടെ പ്രജനനകാലമായതോടെ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്; മുൻകരുതലുകൾ വിശദമായി അറിയാം


കോഴിക്കോട്: ഇനിയൊരു നിപ്പ ദുരന്തത്തിലേക്ക് പോകാതിരിക്കാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ആരോഗ്യ വകുപ്പ്. വവ്വാലുകളുടെ പ്രജനനകാലമായതിനാൽ നിപ വൈറസിനെതിരെ മുൻ കരുതലെടുക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

നിരീക്ഷണവും ബോധവത്കരണവും ശക്തമാക്കാനാണ് നിർദ്ദേശം. നിപ സമാന രോഗലക്ഷണങ്ങളുമായി ആശുപത്രികളിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും നിർദേശം നൽകി. 2018ലാണ് സംസ്ഥാനത്ത് കോഴിക്കോട് നിപ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. അന്ന് 17 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. 2021ൽ സെപ്റ്റംബറിൽ ജില്ലയിൽ വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്തു. അന്ന് നിപ ബാധിച്ച 12 വയസുകാരൻ മരണമടഞ്ഞിരുന്നു.

രോഗലക്ഷണങ്ങൾ എന്തൊക്കെയാണ്?

നിപ വൈറസ് ശരീരത്തിൽ പ്രവേശിച്ചാലും ഉടനെ ലക്ഷണങ്ങൾ കണ്ടു തുടങ്ങണമെന്നില്ല. സാധാരണയായി അഞ്ച് ദിവസം മുതൽ രണ്ടാഴ്ച വരെ സമയമെടുത്തേ രോഗലക്ഷണങ്ങൾ പുറത്തറിയുകയുള്ളു.. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവും ആണ് പ്രധാനമായും അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി അനുഭവപ്പെടാം.

ലക്ഷണങ്ങൾ പുറമെ കാണാൻ വൈകുമെങ്കിലും അതെ സമയം ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം ഈ വൈറസ് താറുമാറാകും. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. അതിനാൽ തന്നെ രോഗലക്ഷണങ്ങൾ ആരംഭിച്ച് രണ്ടു ദിവസത്തിനകം തന്നെ രോഗി കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്.

നിപ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം:

വവ്വാലുകളാണ് നിപ്പ വൈറസിന്റെ പ്രധാന വാഹകർ എന്നതാണ് ഇതുവരെയുള്ള കണ്ടെത്തലുകൾ. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും ഈ അസുഖം പകരാം. പക്ഷികളിൽ നിന്ന് മൃഗങ്ങളിലേക്കും മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന അസുഖമാണ് നിപ വൈറസ്.

വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.

വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങൾ ഒഴിവാക്കുക.

രോഗം പകരാതിരിക്കാൻ:

കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക

ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കിൽ ആൾക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.

രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക

രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.

എൻ 95 മാസ്ക്, കൈയുറ (ഗ്ലൗസ് ), ഗൗൺ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോൾ ഉടനീളം ഉപയോഗികേണ്ടതാണ്.
ആരെങ്കിലും പനി ബാധിച്ച് കിടപ്പിലാണെന്നറിഞ്ഞാൽ സന്ദർശിക്കുന്നത് ഒഴിവാക്കുക.

രോഗബാധിതരുടെയും, രോഗം ബാധിച്ച് മരിച്ചവരുടെയും മുഖത്തു ചുംബിക്കുക, കവിളിൽ തൊടുക എന്നിങ്ങനെയുള്ള സ്നേഹപ്രകടനങ്ങൾ ഒഴിവാക്കുക. ശവസംസ്‌കാര ചടങ്ങുകൾക്കായി മൃതദേഹത്തെ കുളിപ്പിക്കുകയോ മറ്റോ ചെയ്‌താൽ ഇത് ചെയ്യുന്നവർ ദേഹരക്ഷ ഉപയോഗിക്കുക.

നിപ്പ രോഗം ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരികസ്രവങ്ങളുമായും സമ്പർക്കം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.

നിപ്പ രോഗം ബാധിച്ച് മരിച്ചവരുടെ മരണാനന്തര ചടങ്ങുകളിലെയും സന്ദർശനം പരമാവധി ഒഴിവാക്കുക.

ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്പോസബിൾ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കിൽ ശരിയായ രീതിയിൽ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

നിപ വൈറസിന്റെ മരണനിരക്ക് വളരെ കൂടുതലായതിനാൽ തന്നെ കൂടുതൽ ജാഗ്രത പാലിക്കണം എന്ന് മന്ത്രി അറിയിച്ചു. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ കാര്യമായ ഫലം ചെയ്യില്ല. അതിനാൽ തന്നെ പ്രതിരോധമാണ് പ്രധാനം. വനം, മൃഗസംരക്ഷണ വകുപ്പുകളുടെ സഹകരണത്തോട് കൂടിയായിരിക്കും പ്രതിരോധമൊരുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.