നിപയ്‌ക്കെതിരെ പൊരുതി വീരമൃത്യു വരിച്ചു; പേരാമ്പ്രയില്‍ സിസ്റ്റര്‍ ലിനി അനുസ്മരണം
പേരാമ്പ്ര: നിപയ്ക്കെതിരേയുള്ള പോരാട്ടത്തിനിടെ സിസ്റ്റര്‍ ലിനി നമ്മെ വിട്ടുപിരിഞ്ഞിട്ട് നാലുവര്‍ഷം പൂര്‍ത്തിയാകുന്നു. ഈ സന്ദര്‍ഭത്തില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെയും സംയുക്തമായി സിസ്റ്റര്‍ ലിനി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ കെ.സജീവന്‍ മാസ്റ്റര്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
കേരളത്തെ ഭീതിയിലാക്കിയ നിപ്പാ കാലത്ത് സ്വന്തം ജീവന്‍ ത്യജിച്ച് രോഗി പരിചരണത്തിന്റെ മഹത്തായ സേവന സന്ദേശം നല്‍കിയ ലിനിയെ മലയാളിക്ക് മറക്കാനാവില്ല .2018 മെയ് 21ന് കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു ലിനിയുടെ മരണം. നിപ്പാ രോഗം പകര്‍ന്നുവെന്നു സംശയം ഉണ്ടായപ്പോള്‍ സഹപ്രവര്‍ത്തകരോടും വീട്ടുകാരോടും ലിനി കാണിച്ച മുന്‍കരുതല്‍ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്. മരണം മുന്നില്‍ കണ്ടപ്പോഴും മക്കളുള്‍പ്പെടെയുള്ളവരെ കാണാതെ, ആത്മധൈര്യം കൈവിടാതെ ലിനി രോഗത്തോട് പൊരുതി മരണം വരിക്കുകയായിരുന്നു.
താലൂക്ക് ആശുപത്രിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡോ. സി.കെ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍മാരായ അഷറഫ്, ലിസി.കെ.കെ, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ശരത് കുമാര്‍, ഹെഡ് നേഴ്‌സ് ഡിനു ഭായ്, ജിനില്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി വി.ഒ.അബ്ദുള്‍ അസീസ് സ്വാഗതവും ടി.പി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.