‘നിപ’യിൽ ആശ്വാസ വാർത്ത; പരിശോധനയ്ക്ക് അയച്ച 11 പേരുടെ ഫലവും നെഗറ്റീവ്
കോഴിക്കോട്: നിപ സാന്നിധ്യത്തെ തുടർന്ന് ഇന്നലെ പരിശോധനയ്ക്ക് അയച്ച 11 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്കപട്ടികയിലുള്ളവരടക്കമുള്ളവര്‍ക്കാണ് നിപ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ഇന്ന് വൈകിട്ടാണ് പരിശോധനാ ഫലം വന്നത്. അതേസമയം ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകള്‍ ഇന്ന് നിപ പരിശോധനക്കായി അയച്ചിട്ടുണ്ട്.
നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പോലീസ് സഹായം തേടാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതേ സമയം ഓഗസ്റ്റ് 25 ന് പുലര്‍ച്ചെ 02:15 നും 03:45 നും ഇടയില്‍ കോഴിക്കോട് ഇഖ്‍റ ആശുപത്രിയില്‍ എത്തിയവരാണ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടത് എന്ന് കോഴിക്കോട് ഡി.എം.ഒ ഡോ. രാജാ റാം അറിയിച്ചു. നിപ സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു.
രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ 75 റൂമുകളും, ആറ് ഐ സി യുകളും, നാല് വെന്റിലേറ്ററുകളും 14 ഐ സി യു കിടക്കകളും മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ 10 റൂമുകളും അഞ്ച് ഐ സി യുകളും, രണ്ട് വെന്റിലേറ്ററുകളും 10 ഐ സി യു കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. വടകര ജില്ലാ ആശുപത്രിയില്‍ എട്ടും നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഏഴും റൂമുകള്‍ വീതം സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയില്‍ 10 മുറികളും എട്ട് ഐ സിയുകളും അഞ്ചു വെന്റിലേറ്ററുകളും 10 ഐസിയു കിടക്കകളും തയ്യാറാണ്. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ആരോഗ്യ മന്ത്രി വ്യാഴാഴ്ച കോഴിക്കോട്ടെത്തും. വ്യാഴാഴ്ച രാവിലെ സര്‍കക്ഷി യോഗം ചേരും.
നിപ രോഗികളുടെ സമ്പർക്ക പട്ടികയിൽ ഇന്ന് പുതുതായി 234 പേരെ കണ്ടെത്തി. ആകെ 950 പേരാണ് നിപ സമ്പര്‍ക്ക പട്ടികയിലുള്ളത്. 213 പേർ ഹൈ റിസ്‌സ്‌ക് പട്ടികയിലാണ്. 287 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. സ്വകാര്യ ആശുപത്രികളിലുള്ള 4 പേരാണ് ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ളത്. 17 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ നിരീക്ഷണത്തിലാണ്. ഇന്നലെ പോസിറ്റീവായ വ്യക്തിയുടെ റൂട്ട് മാപ്പിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ഇന്ന് നിപ സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്താൻ 5161 വീടുകൾ സന്ദർശിച്ചുവെന്ന് കോഴിക്കോട് ഡിഎംഒ അറിയിച്ചു. 51 പേർക്ക് പനിയുണ്ടെങ്കിലും ആർക്കും നിപ രോഗികളുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 30 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 2 പേർക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തിരുവള്ളൂർ പഞ്ചായത്തിലെ 7, 8 , 9 വാർഡുകൾ കണ്ടെയൻ മെന്റ് സോണാക്കി. ഇന്ന് പരിശോധനക്ക് അയച്ച സാമ്പിളുകളിൽ ഭൂരിഭാഗവും ആരോഗ്യ പ്രവർത്തകരുടേതാണ്. പുറമെ ആഗസ്റ്റ് 29 ന് കോഴിക്കോട് ഇക്ര ആശുപത്രിയിൽ പുലർച്ചെ 2.15 നും 3.45 നും ഇടയിൽ എത്തിയവർ കണ്ട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
Summary: Health Minister Veena George said that 11 more samples test results were negative