നിധിന്‍ ചന്ദ്രന്‍ കാലാതിവര്‍ത്തിയായി ജനമനസ്സില്‍ ജീവിക്കുന്നുണ്ടെന്ന് അഡ്വ: പി.എം.നിയാസ്


പേരാമ്പ്ര: സവിശേഷയമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവാസികള്‍ക്കിടയിലും സാധാരണ ജനമനസ്സുകളിലും ഇടം നേടിയ വ്യക്തിയാണ് നിധിന്‍ ചന്ദ്രന്‍. രക്തദാനം ഉല്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്ന വ്യക്തിയാണ് അകാലത്തില്‍ പൊലിഞ്ഞ് പോയ നിധിന്‍ ചന്ദ്രന്‍ എന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ: പി.എം നിയാസ്. നിധിന്‍ ചന്ദ്രന്‍ന്റെ ഓര്‍മ്മക്കായി മുയിപ്പോത്ത് ടൗണില്‍ നിര്‍മ്മിക്കുന്ന സ്മാരക മന്ദിരത്തിന്റെ പ്രവര്‍ത്തന ഫണ്ട് ഇ.കെ.സമീര്‍ മാസ്റ്റര്‍ അഭിലാഷില്‍ നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശത്തുനിന്ന് ഗര്‍ഭിണികളായവരെ നാട്ടിലെത്തിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ചാണ് നിധിനും ഭാര്യ ആതിരയും മാധ്യമശ്രദ്ധ നേടുന്നത്. വന്ദേഭാരത് മിഷന്റെ ആദ്യവിമാനത്തില്‍ത്തന്നെ ആതിര നാട്ടിലെത്തിച്ചിരുന്നു. എന്നാല്‍ നിതിന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും രക്തദാന ക്യാമ്പുകളുമായി ദുബായില്‍ തുടര്‍ന്ന നിധിന്‍ ഹൃദയാഘാതത്തെ ടുടര്‍ന്ന് മരിക്കുകയായിരുന്നു. ആളുകള്‍ പുറത്തിറങ്ങാന്‍ മടിച്ച സമയത്ത് ദുബായില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു നിധിന്‍.

ചടങ്ങില്‍ എം.കെ.സുരേന്ദ്രന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി മുനീര്‍ എരവത്ത് ബ്രോഷര്‍ പ്രകാശനം ചെയ്തു. ഇ .അശോകന്‍ മാസ്റ്റര്‍, കെ.പി വേണുഗോപാല്‍ , കെ പി അരവിന്ദാക്ഷന്‍, ഷിജിത്ത് എന്‍ടി, പട്ടയാട്ട് അബ്ദുല്ല, ഷോഭിഷ് ആര്‍ പി , കിഴക്കയില്‍ രവീന്ദ്രന്‍ സംസാരിച്ചു. വി.കെ നൗഫല്‍ സ്വാഗതവും പട്ടയാട്ട് ജാഫര്‍ നന്ദിയും പറഞ്ഞു.