നിക്ഷേപ തട്ടിപ്പ്: കല്ലാച്ചിയിലെ ന്യൂ ഗോള്‍ഡ് പാലസ് ജ്വല്ലറി സീല്‍ചെയ്തു; കല്ലാച്ചിയില്‍ മാത്രം 123 പരാതികള്‍


നാദാപുരം: സ്വര്‍ണവും പണവും നിക്ഷേപമായി സ്വീകരിച്ച് കോടികള്‍ തട്ടിപ്പ് നടത്തിയ കല്ലാച്ചിയിലെ ജ്വല്ലറി അടച്ചുപൂട്ടി സീല്‍ചെയ്തു. സംസ്ഥാനപാതയില്‍ കല്ലാച്ചി ടൗണിലെ ന്യൂ ഗോള്‍ഡ് പാലസ് ജ്വല്ലറിയാണ് വ്യാഴാഴ്ച വൈകിട്ട് നാദാപുരം സിഐ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തില്‍ സീല്‍ചെയ്തത്. ജ്വല്ലറിക്ക് മുന്നില്‍ രണ്ട് പൊലീസുകാരെ മുഴുവന്‍ സമയവും കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് കല്ലാച്ചി ഷോറൂമിനെതിരെ മാത്രം 123 പരാതി നാദാപുരം പൊലീസിന് ലഭിച്ചു. ഇതില്‍ നാലെണ്ണത്തില്‍ കേസെടുത്തു. ജാതിയേരി തയ്യുള്ളതില്‍ കുഞ്ഞാലിയുടെ 17 ലക്ഷം, നരിക്കാട്ടേരി കണ്ണംകോട്ട് താഴ കുനി മൊയ്തുവിന്റെ 35 ലക്ഷം വീതം നിക്ഷേപവും, കക്കംവെള്ളിയിലെ ചെറിയ കോമത്ത് കുഞ്ഞാലി ഹാജി സ്വര്‍ണം ബുക്ക് ചെയ്യാനായി നല്‍കിയ 5 ലക്ഷം, ഷമീറയെന്ന യുവതി ഗോള്‍ഡ് പര്‍ച്ചേസിങ് സ്‌കീം പ്രകാരം നല്‍കിയ 1.68 ലക്ഷം രൂപയും നഷ്ടപ്പെട്ട പരാതികളിലാണ് കേസെടുത്തത്.

കല്ലാച്ചി ജ്വല്ലറിയില്‍ മാത്രം ആറുകോടിയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. വിവാഹ ആവശ്യാര്‍ഥവും ബിസിനസ് ലാഭവിഹിതം പ്രതീക്ഷിച്ചും ഗോള്‍ഡ് സ്‌കീം പര്‍ച്ചേസിങ്ങിന് പണം നിക്ഷേപിച്ചവരാണ് തട്ടിപ്പിന് ഇരയായത്. കുറ്റ്യാടി, നാദാപുരം സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സബ് ഡിവിഷണല്‍ ഡിവൈഎസ്പി ടി.പി ജേക്കബ്ബിന്റെ നേതൃത്വത്തില്‍ സിഐമാരാണ് കേസ് അന്വേഷിക്കുന്നത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഗോള്‍ഡ് പാലസ് ജ്വല്ലറിയുടെ കുറ്റ്യാടിയിലെയും പയ്യോളിയിലെയും കടകള്‍ നേരത്തെ സീല്‍ ചെയ്തിരുന്നു.