നാളെ സംസ്ഥാനത്ത് എസ്.എഫ്.ഐയുടെ പഠിപ്പുമുടക്ക് സമരം


ഇടുക്കി: കുയിലിമലയില്‍ എഞ്ചിനിയറിങ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്ക് സമരം നടത്തുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ്. ഇടുക്കിയിലെ അക്രമം ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു.

ആയുധങ്ങള്‍ ശേഖരിച്ച് പുറത്തുനിന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഗുണ്ടകള്‍ സംഘടിച്ചെത്തി ക്യാമ്പസിന് അകത്ത് പ്രവേശിച്ച്, ക്യാമ്പസിനുള്ളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വിദ്യാര്‍ഥികളെ തെരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുകയും കഠാരകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഭീകരമായ അക്രമങ്ങളാണ് കേരളത്തിന്റെ ക്യാമ്പസുകളില്‍ കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഭ്രാന്ത് പിടിച്ച അക്രമസംഘത്തെപ്പോലെയാണ് കേരളത്തിലെ ക്യാമ്പസുകളില്‍ അവരുടെ പെരുമാറ്റം. കെ.എസ്.യു അക്രമരാഷ്ട്രീയത്തിനെതിരെ അതിശക്തമായ നിലയില്‍ എസ്.എഫ്.ഐ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുയിലിമലയിലെ കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ ഇന്ന് ഉച്ചയോടെ നടന്ന അക്രമത്തില്‍ കണ്ണൂര്‍ തളിപ്പറമ്പ് പാലക്കുളങ്ങര അദ്വൈതത്തില്‍ രാജേന്ദ്രന്റെ മകന്‍ ധീരജാണ് കുത്തേറ്റ് മരിച്ചത്. അഭിജിത്ത്, അമല്‍ എന്നീ വിദ്യാര്‍ഥികള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ധീരജിന്റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏഴാം സെമസ്റ്റര്‍ കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട ധീരജ്.

ക്യാമ്പസില്‍ പൊലീസിന്റെ സാന്നിധ്യമുള്ളപ്പോള്‍ തന്നെയാണ് അക്രമം നടന്നതെന്ന് പ്രിന്‍സിപ്പള്‍ ജലജ പറഞ്ഞു. കോളജ് ഗേറ്റിന് പുറത്താണ് സംഭവമെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യന്റെ വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ധീരജിന്റെ നെഞ്ചിനാണ് കുത്തേറ്റിരുന്നതെന്ന് കെ.ജി സത്യന്‍ പറഞ്ഞു. പുറത്തു നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസുകാരനായ നിഖില്‍ പൈലിയാണ് അക്രമം നടത്തിയതെന്നും അയാള്‍ ഓടിപോകുന്നത് കണ്ടുവെന്നും സത്യന്‍ പറഞ്ഞു.