നാളെകൾ ജലസമൃദ്ധമാക്കാൻ കളങ്കോളിത്തോടിനെ വീണ്ടെടുക്കാം.
കൊയിലാണ്ടി: കീഴരിയൂര്‍ ഗ്രാമത്തിന്റെ ജീവനാഡിയായിരുന്ന കളങ്കോളിത്തോട് സര്‍വ്വനാശത്തിന്റെ വക്കില്‍. മെലിഞ്ഞും, നീറുറവ വറ്റിയും ഈ തോട് മായുകയാണ്. തോടിന്റെ പുനര്‍ജനിയാണ് പ്രദേശവാസികള്‍ കൊതിക്കുന്നത്. മല്‍സ്യങ്ങള്‍, മറ്റ് ജല ജീവികള്‍, തോടിന്റെ ഓരം പറ്റി തഴച്ചു വളരുന്ന കൈതോലക്കാടുകള്‍ എന്നിവയെല്ലാം ഓര്‍മ്മകള്‍ മാത്രമാവുകയാണ്.
മുമ്പ് ശക്തമായ നീരൊഴുക്കുളള തോടായിരുന്നു ഇത്. മഴക്കാലത്ത് മാത്രമല്ല, വേനല്‍ക്കാലത്തും സമൃദ്ധമായി വെളളം ഒഴുകിയിരുന്ന തോട്. പറമ്പുകള്‍, വയല്‍ പ്രദേശങ്ങള്‍, ചതുപ്പ് നിലങ്ങള്‍ എന്നിവയിലൂടെ തോട് കടന്നു പോകുന്നു. തോടിന് സംരക്ഷണമായി കൈതക്കാടുകളും ഉണ്ടായിരുന്നു. ഈ പ്രദേശങ്ങളിലെ കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും കുടിനീര്‍ സ്രോതസ്സായും ഈ തോട് നിലനിന്നു. ഇപ്പോള്‍ തോട് ശുഷ്‌കിച്ചു നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാവുകയാണ്.
കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്ത് മാവട്ട് മലയിലാണ് കളങ്കോളിത്തോട്ടിന്റെ ആരംഭം. മൂന്നര കിലോമീറ്ററോളം ഒഴുകി ഒടുവില്‍ നെല്ല്യാടിപുഴയോട് ചേരും. പഞ്ചായത്തിലെ മൂന്ന്, നാല്, പതിനൊന്ന് വാര്‍ഡുകളിലുടെയാണ് കളങ്കോളിത്തോട് ഒഴുകുന്നത്. മാവട്ട് മലയില്‍ നിന്നും കോണില്‍ ഭാഗത്തെ ചെങ്കുത്തായ ഇടവഴിയിലൂടെ ഒഴുകിയെത്തി പണ്ട് ഇവിടെയുണ്ടായിരുന്ന കോണില്‍ കുളത്തില്‍ കേന്ദ്രീകരിച്ച് ഇയ്യലോല്‍ മുക്കിലേക്ക് ഒഴുകുകയായിരുന്നു ചെയ്തത്. കോണില്‍ കുളം ഇന്നില്ല. പകരം മേപ്പയ്യൂര്‍, നെല്യാടി റോഡിന്റെ വശങ്ങളില്‍ പണിതിട്ടുളള ഓവുചാല്‍ വഴിയാണ് ഒഴുക്ക്. മണ്ണിടിഞ്ഞും,പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുളള മാലിന്യങ്ങള്‍ നിറഞ്ഞും ഈ തോട് വിസ്മൃതിയിലാവുകയാണ്.
പല സ്ഥലത്തും അനധികൃത കയ്യേറ്റങ്ങള്‍ കാരണം തോട് നികത്തപ്പെടുകയും ചെയ്തിട്ടുണ്ട്. മണ്ണും ചെളിയും നിറഞ്ഞു ആഴം കുറഞ്ഞതോടെ തോട്ടിലെ സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെട്ടു. ഇപ്പോള്‍ മഴക്കാലത്ത് മാത്രമാണ് കളങ്കോളിത്തോട്ടില്‍ വെളളമുളളത്. തോട്ടിലേക്കുളള ജലപ്രവാഹം കുറഞ്ഞതും, ഉറവകള്‍ വറ്റുന്നതാണ് പ്രധാന കാരണം. അനധികൃതമായ ചെങ്കല്‍ ക്വാറികളും, അനിയന്ത്രിതമായ മണ്ണെടുപ്പും, മറ്റ് നിര്‍മ്മാണ പ്രവൃത്തികളുമാണ് ഈ തോടിന് നാശത്തിന് കാരണമായത്.
തോടിന്റെ പടിഞ്ഞാറ് ഭാഗത്ത് മുമ്പ് നെല്‍കൃഷിയായിരുന്നു. വയല്‍ നികത്തി വാഴകൃഷിയും തെങ്ങ് കൃഷിയും തുടങ്ങിയതോടെ ചതുപ്പ് നിലങ്ങളും ഇല്ലാതായി. പല തരത്തിലുളള കയ്യേറ്റങ്ങള്‍ കാരണം തോടിന്റെ വീതി കുറയുകയും, നെല്യാടിപ്പുഴയിലേക്കുളള തുടര്‍ച്ച നഷ്ട്ടപ്പെടുകയും ചെയ്തിട്ടുണ്ട്. പല സ്ഥലത്തും റോഡരികിലൂടെയാണ് തോട് ഒഴുകുന്നത്. ഇവിടങ്ങളില്‍ പല സ്ഥലത്തും തോടിന് വീതിയില്ല. കൃത്യമായ ആസൂത്രണത്തോടെ ഓവുചാലുകള്‍ പണിയാത്തതും തോടിന് നാശമായി. ചില സ്വകാര്യവ്യക്തികള്‍ തോട് നികത്തിയത് തുമ്പ പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
തോട് നശിച്ചതോടെ മഴക്കാലത്ത് പല സ്ഥലങ്ങളിലും വെളളം ഒഴുകി പോകാതെ വെളളമുയരാന്‍ കാരണമാകുന്നു. തോടുകള്‍ ജൈവ ആവാസ വ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ്. തോടുവഴി ഒഴുകുന്ന ജലം നിരന്തരം ശുദ്ധീകരിക്കപ്പെടുന്നുണ്ട്. സമീപത്തെ കിണറുകളിലും മറ്റും ഈ വെളളം നമ്മുടെ കുടിവെളളമായി മാറുന്നു.
വയല്‍ക്കുനി ഭാഗത്ത് തോട് നികത്തി റോഡ് ഉണ്ടാക്കിയ സ്ഥലത്ത് തോട് പുനര്‍ നിര്‍മ്മിക്കാന്‍ നടപടി വേണം. തോട് മണ്ണിട്ട് നികത്തുകയും കല്ലു കൊണ്ട് കെട്ടി കയ്യേറുകയും ചെയ്തവക്ക് നോട്ടീസ് കൊടുത്ത് തോട് പൂര്‍വ്വാവസ്ഥയിലാക്കണം. തോട്ടില്‍ അടിഞ്ഞു കൂടി കിടക്കുന്ന ചെളിയും മണ്ണും നീക്കം ചെയ്യണം. ചുരുങ്ങിയത് ഒരു മീറ്റര്‍ വീതിയെങ്കിലും തോടിന്റെ എല്ലാ ഭാഗത്തും ഉറപ്പു വരുത്തണം. ഇയ്യാലോല്‍ മുക്കില്‍ തോടിന് വീതി കുറവാണ്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് നവീകരണ പ്രവൃത്തികള്‍ നടത്തണം.