‘നാല് ദിവസം കഴിഞ്ഞ് ജംഷീദിന്റെ മരണ വാര്‍ത്തയാണ് അറിയുന്നത്, ബാംഗ്ലൂരിലേക്ക് കൊണ്ടുപോയത് മയക്ക്മരുന്ന് കേസ് പ്രതി അടങ്ങുന്ന സംഘം’: കൂരാച്ചുണ്ട് സ്വദേശിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യം ശക്തമാവുന്നു


കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ ഉള്ളിക്കാംകുഴിയില്‍ മുഹമ്മദിന്റ മകന്‍ ജംഷീദ് ബാംഗ്ലൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. മെയ് 11 ന് സുഹൃത്തുക്കളോടൊപ്പം ബാംഗ്ലൂരിലേക്ക് പോയ ജംഷിദിന്റെ മരണ വാര്‍ത്തയാണ് നാല് ദിവസത്തിന് ശേഷം ബന്ധുക്കള്‍ അറിയുന്നത്. മദ്ദൂര്‍ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്.

തന്റെ മകന്‍ ആത്മഹത്യ ചെയ്യാന്‍ ഒരിക്കലും സാധ്യതയില്ലെന്ന് അച്ഛന്‍ മുഹമ്മദ് ഉറപ്പിച്ചു പറയുന്നു. മയക്കുമരുന്ന് ഉപയോഗവും വ്യാപാരവുമായി ബന്ധമുള്ള സുഹൃത്തുക്കള്‍ക്കൊപ്പമാണ് മകന്‍ ബാംഗ്ലൂരിലേക്ക് പോയത് എന്ന് പിന്നീടാണ് അറിയുന്നത്. തന്റെ മകനെ ചതിയില്‍ പെടുത്തിയതാണന്നാണ് മുഹമ്മദ് ആരോപിക്കുന്നത്.

ജംഷീദിനൊപ്പം ബാംഗ്ലൂരിലേക്ക് പോയ സുഹൃത്തുക്കളുടെ കയ്യില്‍ നിന്നും കഴിഞ്ഞമാസം ബാലുശ്ശേരി പോലീസ് നിരോധിതവും അപകടകരവുമായ മയക്കുമരുന്ന് പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഇത് സംഭവത്തിന്റെ ഗൗരവവും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. മയക്ക് മരുന്ന് ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്ന വ്യക്തികള്‍ അടങ്ങുന്ന സംഘത്തിന്റെ ചതിയിലും ഗൂഢാലോചനയിലുമാണ് ജംഷീദിന്റെ മരണം സംഭവിച്ചിട്ടുള്ളതെന്നാണ് കുടുംബം പറയുന്നത്.

ശനിയാഴ്ചയാണ് സുഹൃത്തുക്കളായ റിയാസിനും ഷെബിനുമൊപ്പം ബെംഗളൂരുവിലേക്ക് പോയത്. തിരിച്ചുള്ള യാത്രയ്ക്കിടെ രാത്രി ഉറങ്ങാനായി ഇവര്‍ മദ്ദൂരിനടുത്ത് റെയില്‍പ്പാളത്തിനുസമീപം കാര്‍ നിര്‍ത്തിയതായി പറയുന്നു. ഉണര്‍ന്നപ്പോള്‍ ജംഷിദിനെ കാറില്‍ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അടുത്തുള്ള റെയില്‍വേ പാളത്തില്‍ മൃതദേഹം കണ്ടത്.

കര്‍ണാടക പോലീസ് മറ്റു കാര്യ കാരണങ്ങളൊന്നും പരിശോധിക്കാതെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ധൃതിപിടിച്ചു പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബോഡി വിട്ടുനല്‍കുകയാണുണ്ടായത്. ഈ കാര്യത്തിലും ബാഹ്യ ഇടപെടലും പണത്തിന്റെ സ്വാധീനവും ഉണ്ടായിട്ടുണ്ടെന്ന് കുടുംബത്തിന് സംശയമുണ്ട്.

കൂരാച്ചുണ്ടില്‍ മയക്കുമരുന്ന് ലോബി സജീവമാണെന്ന് ഡി.വൈ എഫ് ഐ ആരോപിച്ചു. നിരവധി യുവാക്കള്‍ ഉപഭോക്താക്കളും വിതരണ കണ്ണികളുമാണ്. നാടിന്റെയും കുടുംബങ്ങളുടെയും സമാധാനം കെടുത്തുന്ന മയക്കുമരുന്ന് മാഫിയയുടെ അടിവേര് അറുത്തുമാറ്റണം. ജംഷീദിന്റെ അച്ഛന്റെ പരാതിയില്‍ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് ഡി.വൈ എഫ് ഐ കൂരാച്ചുണ്ട് മേഖല കമ്മിറ്റി ആവശ്യപെട്ടു.