നാലുവര്‍ഷം മുമ്പ് ഓട്ടോയില്‍ കളഞ്ഞുപോയ സ്വര്‍ണക്കൊലുസ് അതേ ഓട്ടോയില്‍ യാത്രചെയ്യവേ തിരിച്ചുകിട്ടി; സിനിമയെ വെല്ലുന്ന സംഭവങ്ങളുമായി മലപ്പുറത്തെ ഹനീഫയുടെ ജീവിതം
മലപ്പുറം: നാലുവര്‍ഷം മുമ്പ് കളഞ്ഞുപോയ, എന്നന്നേക്കുമായി നഷ്ടപ്പെട്ടെന്നു കരുതിയ സ്വര്‍ണപ്പാദസരം തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് നിലമ്പൂരിര്‍ വീട്ടിച്ചാല്‍ തിരുത്തിങ്കല്‍ അന്‍സയും ഭര്‍ത്താവ് അബ്ദുള്ളയും. അത് കിട്ടിയതാകട്ടെ നിലമ്പൂരിലെ ഓട്ടോ ഡ്രൈവര്‍ രാമന്‍കുഞ്ഞ് ഹനീഫയുടെ മനസിന്റെ നന്മകൊണ്ടും.
നാലുവര്‍ഷം മുമ്പ് ഹനീഫയുടെ ഓട്ടോയില്‍ സഞ്ചരിക്കവെ അന്‍സയും മകളുടെ സ്വര്‍ണക്കൊലുസുകള്‍ മറന്നുവെച്ചതാണ് സംഭവങ്ങളുടെ തുടക്കം. എക്‌സ്‌റേ എടുക്കാനായി അഴിച്ചുമാറ്റിയ മകളുടെ പാദസരങ്ങള്‍ രണ്ടും ചേര്‍ത്ത് കൊളുത്തിയ നിലയില്‍ ഓട്ടോയില്‍ നഷ്ടപ്പെടുകയായിരുന്നു.
ഓട്ടോയുടെ സീറ്റ് കഴുകി വൃത്തിയാക്കുന്നതിനിടെ പിന്‍സീറ്റില്‍ നിന്നാണ് ഹനീഫയ്ക്ക് പാദസരം ലഭിച്ചത്. മാസങ്ങളുടെ ഇടവേളയിലാണ് സീറ്റ് കഴുകി വൃത്തിയാക്കുന്നതെന്നതിനാല്‍ എപ്പോഴാണ് പാദസരം അവിടെ വീണതെന്നോ ആരായിരിക്കും ഉടമയെന്നോ ഹനീഫയ്ക്ക് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. അതിനാല്‍ ആ സ്വര്‍ണപ്പാദസരം ഒരു ഫിക്‌സഡ് ഡപ്പോസിറ്റ് പോലെ ഹനീഫ തന്റെ പക്കല്‍ സൂക്ഷിച്ചു. ലോക്ക്ഡൗണ്‍ കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ പോലും അദ്ദേഹം ആ കൊലുസില്‍ തൊട്ടില്ല.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് രാത്രി എട്ടുമണിയോടു കൂടി നിലമ്പൂര്‍ ആശുപത്രി റോഡില്‍ നിന്നും വീട്ടിലേക്കു പോകാനായി അന്‍സ യാദൃശ്ചികമായി ഹനീഫയുടെ ഓട്ടോയില്‍ കയറി. സംസാരിക്കുന്നതിനിടെ യാദൃശ്ചികമായ പഴയ കൊലുസിന്റെ കാര്യം അന്‍സ പറഞ്ഞതോടെ ഹനീഫയ്ക്ക് തന്റെ കയ്യിലുള്ള കൊലുസിന്റെ ഉടമയെ കണ്ടെത്തിയ സന്തോഷമായിരുന്നു. ഹനീഫ അബ്ദുള്ളയുടെ വീട്ടിലെത്തി പാദസരം അന്‍സയ്ക്ക് കൈമാറി.