നാലിടത്ത് കനത്ത മഴ; ഡാമുകള്‍ നിറയുന്നു; വടക്കന്‍ കേരളത്തില്‍ വൈകുന്നേരത്തോടെ മഴ ശക്തമാകുമെന്ന് റിപ്പോര്‍ട്ട്


തിരുവനന്തപുരം: പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴ തുടരുന്നു. വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴയില്‍ തിരുവനന്തപുരം നഗരത്തിലെ പലഭാഗങ്ങളും വെള്ളക്കെട്ടിലായി.

തെന്മല, പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. കക്കി, ആനത്തോട് ഡാമുകളിലും പമ്പയിലും ജനനിരപ്പ് ഉയര്‍ന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 310 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഉച്ചയ്ക്കുശേഷം 40 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുമെന്നും സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇടുക്കി അണക്കെട്ടിന്റെ ജനലനിരപ്പ് 2391.12 അടിയായി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 128.80 അടിയെത്തി. പത്തനംതിട്ട കണിച്ചേരിക്കുഴിയില്‍ ഉരുള്‍പൊട്ടിയതായി സംശയം. ശക്തമായ വെള്ളപ്പാച്ചിലില്‍ നഗരസഭയിലെ പതിനെട്ടാം വാര്‍ഡില്‍ മൂന്ന് വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. റാന്നി താലൂക്ക് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വെള്ളംകയറി.

വടക്കന്‍ കേരളത്തില്‍ വൈകുന്നേരത്തോടെ മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ട്. കാസര്‍കോട് ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.