നാദാപുരത്ത് വീട്ടമ്മ മരിച്ചു; വീട്ടിലുണ്ടാക്കിയ ചെമ്മീന്‍ കറിയില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയെന്ന് സംശയം


നാദാപുരം: നാദാപുരം ചിയ്യൂരില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു. കരിമ്പലംകണ്ടി മൊയ്തുവിന്റെ ഭാര്യ സുലൈഖ (44) ആണ് മരിച്ചത്.

വീട്ടിലുണ്ടാക്കിയ ചെമ്മീന്‍ കറിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. എന്നാല്‍ ഇക്കാര്യം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂ.

ബുധനാഴ്ചയാണ് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ചെമ്മീന്‍ വീട്ടില്‍ കറി വെച്ചത്. അന്ന് രാത്രിയോടെ വീട്ടമ്മയ്ക്ക് കടുത്ത വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായി. തുടര്‍ന്ന് ഇവരെ വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആരോഗ്യനില ഗുരുതരമായതോടെ സുലൈഖയെ ഇന്നലെ രാത്രിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം വീട്ടില്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. എന്നാല്‍ സുലൈഖയ്ക്ക് വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാവാന്‍ മറ്റ് കാരണങ്ങളൊന്നുമില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. മൃതദേഹം കോഴിക്കോട്ടെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.