നാദാപുരത്ത് വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു; അപകടം സഹോദരനോടൊപ്പം കുളിക്കുന്നതിനിടെ


നാദാപുരം: നാദാപുരത്ത് വിദ്യാര്‍ത്ഥി തോട്ടിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. ചെക്യാട് കുറുവന്തേരി പുതിയടത്ത് ചെറ്റക്കണ്ടി ഹാരിസിന്റെ മകന്‍ ഷംനാദ് (19) ആണ് മരിച്ചത്‌. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.

സഹോദരനൊപ്പം തോട്ടില്‍ കുളിക്കാന്‍ പോയതായിരുന്നു ഷംനാദ്. തോട്ടില്‍ ബണ്ട് കെട്ടി വെള്ളം തടഞ്ഞു നിര്‍ത്തിയിരുന്നു. നീന്തുന്നതിനിടയില്‍ ഷംനാദ് മുങ്ങിപ്പോവുന്നത് കണ്ട് സഹോദരന്‍ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി ഷംനാദിനെ പാറക്കടവിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി. കൊയിലാണ്ടി നന്തിയിലെ മതപഠന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിയാണ് ഷംനാസ്. കഴിഞ്ഞ ദിവസമാണ് അവധിയ്ക്ക് നാട്ടിലെത്തിയത്.