നാദാപുരം തട്ടിക്കൊണ്ട് പോകൽ കേസ് വഴിത്തിരിവിൽ; സംഭവത്തിന് സ്വർണക്കടത്തുമായി ബന്ധം
നാദാപുരം: അരൂർ എളയിടത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പോലീസ്. പന്തീരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയിൽ അജ്നാസിനെതിരെയാണ് കേസെടുത്തത്. കാർത്തിക പള്ളി സ്വദേശി ഫൈസലിൻ്റ പരാതിയിൽ ഒരു കിലോ സ്വർണം കവർച്ച ചെയ്ത കേസിലാണ് അജ്നാസിനെതിരെ പൊലീസ് കേസെടുത്തത്.
അജ്നാസിനെ വ്യാഴാഴ്ച അർധ രാത്രിയോടെ ഇളയിടത്തുനിന്ന് വോളിബാൾ കണ്ട് മടങ്ങുന്നതിനിടെ ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഈ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെ വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഇയാൾ സ്റ്റേഷനിലെത്തി തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്ന് അറിയിക്കുകയായിരുന്നു.
തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്ന് കാണിച്ച് അജ്നാസിന്റെ വിഡിയോയും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് കാർത്തിക പള്ളി സ്വദേശി ഫൈസലിൻ്റ പരാതിയിൽ ഒരു കിലോ സ്വർണം കവർച്ച ചെയ്ത കേസിൽ അജ്നാസടക്കമുള്ള ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 13ന് വൈകീട്ട് ദുബൈയിൽനിന്ന് കൊടുത്തയച്ച സ്വർണം ഫൈസൽ പറഞ്ഞയച്ച രണ്ടു പേർക്ക് കൈമാറിയിരുന്നു. കണ്ണൂർ മട്ടന്നൂർ ടൗണിന് സമീപം വെച്ച് ഇവരുടെ കാർ തടഞ്ഞ് സ്വർണം കവർച്ച ചെയ്തെന്നാണ് പരാതി.
അരൂർ എളയിടത്തുനിന്ന് തട്ടിക്കൊണ്ടു പോയ അജ്നാസിന്റെ പുറത്തുവന്ന വിഡിയോ തട്ടിക്കൊണ്ടു പോയവർ ചെയ്യിച്ചതെന്നാണ് പൊലീസ് നിഗമനം. അജ്നാസിൻ്റെ ശരീരത്തിൽ മുറിവേറ്റ പാടുകൾ മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഇയാൾ സഞ്ചരിച്ച ജീപ്പ് ഫോറൻസിക് സംഘം പരിശോധിച്ചു.