നാട്ടിന്‍പുറങ്ങളിലെ യാത്രക്കാരെ വലച്ച് ഒറ്റ- ഇരട്ട നമ്പര്‍ ക്രമീകരണം


കോഴിക്കോട്: നാട്ടിന്‍പുറങ്ങളിലെ യാത്രക്കാരെ വലച്ച് ഒറ്റ- ഇരട്ട നമ്പര്‍ ക്രമീകരണം. ബസുടമകളും നാട്ടുകാരും ഒരേപോലെ വലഞ്ഞിരിക്കുകയാണ് ഈ ക്രമീകരണത്തില്‍. നമ്പര്‍ സംവിധാനം തെറ്റിച്ചെന്ന് ആരോപിച്ച് 2 ബസുകള്‍ ഇന്നലെ കസ്റ്റഡിയില്‍ എടുത്തു. ഒറ്റ ബസ് മാത്രം സര്‍വീസ് നടത്തുന്ന ഗ്രാമീണമേഖലയിലെ റൂട്ടുകളില്‍ യാത്രാക്ലേശം രൂക്ഷമായിരിക്കുകയാണ്. ഇന്നലെ ഇരട്ട നമ്പര്‍ റജിസ്‌ട്രേഷനുള്ള ബസുകള്‍ ഓടാനാണ് അനുമതി ഉണ്ടായിരുന്നത്. ഇതു ലംഘിച്ചുവെന്ന് ആരോപിച്ചാണ് 2 ബസുകള്‍ തടഞ്ഞത്.

ഒരു റൂട്ടിലോടുന്ന ഏക ബസും ഇന്നലെ പിടിച്ചെടുത്തവയില്‍ പെടുന്നു. കോഴിക്കോടുനിന്നു മാവൂര്‍, ചെറുവാടി വഴി കൊടിയത്തൂരിലേക്കും കോഴിക്കോട്ടുനിന്നു മാവൂര്‍, ചെറുവാടി വഴി അരീക്കോട്ടേക്കുമുള്ള റൂട്ടുകളിലോടുന്ന രണ്ടു ബസുകളാണ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ചിന്താവളപ്പ് ജംക്ഷനില്‍ പൊലീസ് തടഞ്ഞത്. യാത്രക്കാരെ ഇറക്കി ടിക്കറ്റ് തുക തിരികെ നല്‍കിപ്പിച്ച ശേഷം ബസ് കൊണ്ടുപോയി. യാത്രക്കാര്‍ പരാതിപ്പെട്ടെങ്കിലും തീരുമാനം മാറ്റാന്‍ പൊലീസ് തയാറായില്ല.

ചെറുവാടി വഴി കൊടിയത്തൂരിലേക്കുള്ള ബസ് നിലവില്‍ ഈ റൂട്ടിലോടുന്ന ഏക ബസാണെന്ന് ഉടമകള്‍ പറഞ്ഞു. നിലവില്‍ ഓരോ ദിവസം ഇടവിട്ടു മാത്രം ബസ് ഓടിച്ചാല്‍ യാത്രക്കാര്‍ ദുരിതത്തിലാവും. ഇടദിവസങ്ങളില്‍ ജോലിക്കു പോവാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ട അവസ്ഥയാണ്.വെള്ളിയാഴ്ച പുതിയ സംവിധാനം പ്രാബല്യത്തില്‍ വന്നപ്പോള്‍ ഒറ്റ നമ്പര്‍ ബസുകളും ഇരട്ട നമ്പര്‍ ബസുകളും ഓടിയിരുന്നു.

എന്നാല്‍, ഇന്നലെ പൊലീസ് പരിശോധന കര്‍ശനമാക്കുകയായിരുന്നു. നരിക്കുനിയില്‍നിന്നു പുന്നശ്ശേരി, രാമല്ലൂര്‍, കാക്കൂര്‍ വഴി നടുവല്ലൂര്‍, ബാലുശ്ശേരിയില്‍നിന്നു കോവിലകം താഴെ വഴി ഉള്ളിയേരി തുടങ്ങി ഒരൊറ്റ മിനി ബസ് മാത്രം ഓടിയിരുന്ന പല റൂട്ടുകളിലും സര്‍വീസുകള്‍ മിക്കതും നഷ്ടം കാരണം നിര്‍ത്തിവച്ചിരിക്കുകയാണ്.

ഇത്തരം ഗ്രാമീണ മേഖലകളില്‍ ഓട്ടോറിക്ഷ, ജീപ്പ് തുടങ്ങിയ വാഹനങ്ങളെയാണ് ആളുകള്‍ ആശ്രയിക്കുന്നത്. മാവൂര്‍-കണ്ണിപറമ്പ്-കുന്നമംഗലം പോലെ ഒറ്റ ബസ് മാത്രമുള്ള ഒട്ടേറെ റൂട്ടുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ട്. നാട്ടുകാരെയും ബസ് തൊഴിലാളികളെയും കണ്ണീരു കുടിപ്പിക്കുന്നതാണ് പുതിയ സംവിധാനമെന്ന് ജനങ്ങള്‍ ഒന്നടങ്കം പറയുന്നു.

‘നാട്ടിന്‍പുറങ്ങളില്‍ ഒരൊറ്റ സര്‍വീസ് മാത്രമുള്ള റൂട്ടുകളിലെ ബസുകള്‍ ഓടാന്‍ സമ്മതിക്കാതിരിക്കുന്നതു ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. ഇടവിട്ടുള്ള ദിവസങ്ങളില്‍ യാത്രക്കാര്‍ മറ്റു വഴി തേടേണ്ട അവസ്ഥയാണ്. ഇന്ധനവിലയും മറ്റും കൂടിയ സാഹചര്യത്തില്‍ ബസ് ഓടിക്കാന്‍ കഴിയാതെ ദുരിതത്തിലാണ് ബസുടമകളും ജീവനക്കാരും. ഞങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് ഇത്തരം തീരുമാനങ്ങളെന്ന് മാവൂരിലെ ബസുടമയായ ബഷീര്‍ പറയുന്നു.