നാടിനു മാതൃകയായി ഡിവൈഎഫ്‌ഐ; പന്തിരിക്കരയില്‍ കാട്ടുപന്നി വീണ് മലിനമായ കിണര്‍ വൃത്തിയാക്കി യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍


ചങ്ങരോത്ത്: ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കരയില്‍ കഴിഞ്ഞ ദിവസം കാട്ടുപന്നി വീണ് അശുദ്ധമായ കിണര്‍ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍ ശുചീകരിച്ചു. കിണറ്റില്‍ വീണ കാട്ടുപന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ വെടിവെച്ചു കൊല്ലുകയായിരുന്നു. കാട്ടുപന്നിയുടെ രക്തവും മറ്റും വീണ് കിണര്‍ മലിനമായിരുന്നു. ഇതേ തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കിണര്‍ ശുചീകരിച്ചത്.

ചങ്ങരോത്ത് പന്തീരിക്കരയിലെ മൂന്നോളം വീട്ടുകാര്‍ കുടിവെള്ളത്തിനായി ആശ്രയിച്ചു കൊണ്ടിരുന്ന കിണര്‍ ആയിരുന്നു. പതിനാല് കോലോളം താഴ്ചയുള്ള കിണര്‍ ആണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇറങ്ങി ശുചീകരിച്ചത്. കിണറിന് താല്‍ക്കാലിക വേലി കെട്ടി സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് പന്തിരിക്കര മേഖല ക്യാപ്റ്റന്‍ പികെ വരുണ്‍, മേഖല സെക്രെട്ടറി എ.പി.ബിബിന്‍, പ്രസിഡന്റ് കെ.എം.ഷിനോജ്, ലോക്കല്‍ കമ്മറ്റി അംഗം പി.സി.ലെനിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇരുവത്ത് കണ്ടി ഇബ്രാഹീമിന്റെ വീട്ടപറമ്പിലെ ആള്‍മറയില്ലാത്ത കിണറിലാണ് ഇന്നലെ വൈകീട്ട് അഞ്ച് മണിക്ക് കാട്ടുപന്നി വീണത്. ചക്കിട്ടപാറ പഞ്ചായത്തിലെ മുണ്ടക്കല്‍ ഗംഗാധരനാണ് കാട്ടുപന്നിയെ വെടിവെച്ചു കൊന്നത്. പെരുവണ്ണാമൂഴി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ഷാജീവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വിസ്റ്റ് നടത്തി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പത്മനാഭന്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഹെന്ന, ബിനീഷ് കുമാര്‍ എന്നിവരും നടപടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.