നാടണയാന്‍ നിമിഷങ്ങള്‍ മാത്രം, പ്രതീക്ഷകള്‍ക്ക് മുകളില്‍ കരിനിഴല്‍ വീഴ്ത്തി ദുരന്തം; 21 പേരുടെ ജീവന് കവര്‍ന്ന കരിപ്പൂർ വിമാനാപകടത്തിന് ഒരാണ്ട്
കരിപ്പൂർ: നാടണയാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ 21 പേരുടെ ജീവൻ നഷ്ടമാവുകയും ഒരുപാടു പേർ ദുരിതത്തിലേക്ക് വഴിമാറുകയും ചെയ്ത കരിപ്പൂർ വിമാന ദുരന്തത്തിന് ഒരാണ്ട്. ദുരന്തം അതിജീവിച്ചവരിൽ പലരും പരിക്കിെൻറ പിടിയിൽനിന്ന് ഇപ്പോഴും േമാചിതരല്ല. ചികിത്സ തുടരുന്നവരും അപകടമുണ്ടാക്കിയ ആഘാതത്തിൽനിന്ന് കരകയറാൻ സാധിക്കാത്തവരുമുണ്ട്. ദുരന്തശേഷം കേന്ദ്ര -സംസ്ഥാന സർക്കാറുകൾ ചികിത്സസഹായമടക്കം വാഗ്ദാനം ചെയ്തതല്ലാതെ ഒന്നും ലഭിച്ചില്ല.
ചികിത്സച്ചെലവിനായി വേണ്ടിവന്ന വലിയ തുക എയർഇന്ത്യ എക്സ്പ്രസ് വഹിച്ചതാണ് ആശ്വാസകരം. ഈ തുക നഷ്ടപരിഹാരത്തിൽനിന്ന് കുറക്കുമോ എന്ന ആശങ്കയും ചിലർ പങ്കുവെക്കുന്നു. അപകടം നടന്ന് ഒരു വർഷമായിട്ടും അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.
2020 ആഗസ്റ്റ് ഏഴിന് രാത്രി 7.41നായിരുന്നു ദുരന്തമുണ്ടായത്. കോവിഡ് പശ്ചാത്തലത്തിൽ ആരംഭിച്ച വന്ദേഭാരത് ദൗത്യ ഭാഗമായി ദുബൈയിൽനിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസിെൻറ ഐ.എക്സ് 1344 വിമാനമാണ് കരിപ്പൂരിൽ ലാൻഡിങ്ങിനിടെ റൺവേയിൽ നിയന്ത്രണം നഷ്ടമായി 35 മീറ്റർ താഴ്ചയിലേക്ക് കൂപ്പുകുത്തിയത്. അപകട ദിവസം ക്യാപ്റ്റനും കോപൈലറ്റും ഉൾപ്പെടെ 18 പേർ മരിച്ചു. പിന്നീട് മൂന്നുപേർക്കും ജീവൻ നഷ്ടമായി.
രണ്ടായി പിളർന്ന വിമാനത്തിെൻറ മുൻഭാഗം വിമാനത്താവളത്തിെൻറ മതിലിൽ ഇടിച്ചാണ് നിന്നത്. 174 മുതിർന്നവരും 10 കുട്ടികളും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. നാല് കുട്ടികളും എട്ട് സ്ത്രീകളും ഒമ്പത് പുരുഷന്മാരുമാണ് മരിച്ചത്. ഇവരിൽ 10 പേർ കോഴിക്കോട്, ആറുപേർ മലപ്പുറം, രണ്ടുപേർ പാലക്കാട്, ഒരാൾ വയനാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.