നവരാത്രി ആഘോഷങ്ങളില്‍ ഭക്തി സാന്ദ്രമായി ക്ഷേത്രങ്ങള്‍; കുരുന്നുകള്‍ നാളെ ആദ്യാക്ഷരം കുറിക്കും, പേരാമ്പ്ര മേഖലയിലെ ക്ഷേത്രങ്ങളിലെ പ്രധാന ചടങ്ങുകള്‍ ഇപ്രകാരം
പേരാമ്പ്ര: മഹാനവമി നാളില്‍ ഭക്തി സാന്ദ്രമായി പേരാമ്പ്ര മേഖലയിലെ ക്ഷേത്രങ്ങള്‍. തിന്മയുടെ മേല്‍ ശക്തിസ്വരൂപിണിയായ ദേവി വിജയംനേടുന്ന ഐതിഹ്യമാണ് ഒന്‍പതുനാള്‍ നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷങ്ങള്‍ക്ക് അടിസ്ഥാനം. സരസ്വതീദേവി വിദ്യാദേവതയാണെന്ന വിശ്വാസത്താല്‍ വിദ്യാരംഭത്തിനും, ആയുധപൂജയ്ക്കും സവിശേഷതയുള്ള ദിനങ്ങളാണ് ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവ. ഭാഷാ ഭേദമന്യേ ഇന്ത്യയിലുടനീളം വളരെ ഗംഭീരമായി നവരാത്രി ആഘോഷിക്കപ്പെടുന്നു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിശേഷാല്‍ പൂജകളും ചടങ്ങുകളുമുള്ളതിനാല്‍ പേരാമ്പ്ര മേഖലയിലെ ക്ഷേത്രങ്ങളിലെല്ലാം വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകള്‍ നടത്തുന്നത്. വിദ്യാദേവതയുടെ കടാക്ഷം തേടി വിദ്യാര്‍ഥികള്‍ പുസ്തകങ്ങള്‍ പൂജയ്ക്കു വെച്ചു. ദുര്‍ഗാഷ്ടമി ദിനമായ ഇന്നലെ വൈകുന്നേരമാണ് ക്ഷേത്രങ്ങളിലും വീടുകളിലും പൂജവെയ്പ് നടന്നത്. മഹാനവമി ദിനമായ ഇന്ന് ക്ഷേത്രങ്ങളില്‍ ആയുധപൂജയാണ്. വിജയദശമി ദിനമായ നാളെയാണ് പൂജയെടുപ്പും കുട്ടികളുടെ ഹരിശ്രീ കുറിക്കല്‍ ചടങ്ങുകളും നടക്കുക.
നവരാത്രി ആഘോഷത്തിന്റെ നിറവിലാണ് പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം, കൂത്താളി കമ്മോത്ത് വിഷ്ണു ക്ഷേത്രം, കടിയങ്ങാട് മഹാവി വിഷ്ണു ക്ഷേത്രം, പുറയങ്കോട് മഹാശിവക്ഷേത്രം, കോക്കാട് ശിവക്ഷേത്രം, പാലയാട്ട് ശ്രീകൃഷ്ണ ക്ഷേത്രം, കിഴക്കന്‍ പേരാമ്പ്രയിലെ പാലയാട് ശ്രീകൃഷ്ണ ക്ഷേത്രം, കോട്ടൂര്‍ കുന്നരം വെള്ളി അത്തൂനി ദേവി ക്ഷേത്രം, വിളയാട്ടൂര്‍ അയ്യറോത്ത് പരദേവതാ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങള്‍.
പൂജവെപ്പ്, ആയുധപൂജ, വാഹനപൂജ, ഗ്രന്ഥമെടുപ്പ്, കുട്ടികളുടെ ഹരിശ്രീ കുറിക്കല്‍ വിശേഷാല്‍ പൂജകള്‍ എന്നിവയാണ് ക്ഷേത്രങ്ങളില്‍ നടക്കുന്നത്. ദുര്‍ഗാഷ്ടമി, നവമി ദിനങ്ങളിലാണ് പൂജവെപ്പും ആയുധ പൂജയും. വിജയദശമിയായ നാളെ ഗ്രന്ഥമെടുത്ത ശേഷം കുരുന്നുങ്ങളുടെ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങാണ്. കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് ഹരിശ്രീ കുറിക്കല്‍ ചടങ്ങ്. മേല്‍ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ തന്നെയാണ് ഇത്തവണ ഹരിശ്രീ എഴുതിക്കുന്നത്. ഓരോ കുട്ടിക്കും പ്രത്യേകം പ്രത്യേകം കിറ്റുകളാണ് ക്ഷേത്രങ്ങളില്‍ ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.
പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നാളെ വാഹനപൂജ, വിജയ ദശമി പൂജ, ഗ്രന്ഥമെടുപ്പ്, സരസ്വതി പൂജ തുടങ്ങിയവ നടക്കും.
കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സരസ്വതിപൂജ, വിദ്യാരംഭം, എഴുത്തിനിരുത്തല്‍, വാഹനപൂജ എന്നിവ ഉണ്ടായിരിക്കും.
കായണ്ണ ചാരുപറമ്പില്‍ ഭഗവതി ക്ഷേത്രത്തില്‍ വാഹനപൂജ കൂടാതെ നവഗ്രഹപൂജ, ഗ്രന്ഥം എടുപ്പ്, സഹസ്രനാമ പുഷ്പാഞ്ജലി(സര്‍വ്വശ്യരപൂജ ) എന്നിവയും ഉണ്ടായിരിക്കും.