നവജീവന്‍ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനവും ആദ്യ വായ്പാ വിതരണവും മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു


പേരാമ്പ്ര: നവജീവന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യ വായ്പാ വിതരണവും മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ വയോജന നയത്തിന്റെ ഭാഗമായി എംപ്ലോയ്‌മെന്റ് എക്‌സ്ഞ്ചുകളില്‍ രജിസ്ട്രഷന്‍ ഉള്ള 50- 65 പ്രായ പരിധിയിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് തൊഴിലും നൈപുണ്യവും വകുപ്പ് മുഖേന നടപ്പാക്കുന്ന സ്വയം തൊഴില്‍ സഹായ പദ്ധതിയാണ് നവജീവന്‍.

വ്യക്തിഗത വായ്പ എന്നതിലുപരി ജീവിത സയാഹ്നത്തിലെത്തിക്കുന്നവരെ ആത്മവിശ്വാസമുള്ളവരാക്കി സമൂഹത്തിലെത്തിക്കുന്നതിനും സ്വന്തമായി ഒരു വരുമാന സ്രോതസ്സ് ഉണ്ടാക്കിയെടുക്കുന്നതിനും അതുവഴി അവരുള്‍പ്പെടുന്ന കുടുംബത്തെ ഉയര്‍ച്ചയിലേക്ക് എത്തിക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധ എന്നിവര്‍ സംസാരിച്ചു. നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പ് ഡയരക്ടര്‍ ഡോ. എസ് ചിത്ര ഐഎഎസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.വി രാജീവന്‍ നന്ദിയും പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക