നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം: ആശുപത്രികളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
ആശുപത്രി ജീവനക്കാരെല്ലാവരും തന്നെ നിര്‍ബന്ധമായും ഐ.ഡി കാര്‍ഡുകള്‍ ധരിക്കണം. മെഡിക്കല്‍ കോളേജുകളില്‍ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളുടെ പരിശോധന നടത്തണം. ആവശ്യമായ സ്ഥലങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ വച്ച് സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്കി.
നവജാത ശിശുവിന്റെ അമ്മയെ മന്ത്രി ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ നേരിട്ടറിഞ്ഞു. പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടിയെ രക്ഷിതാക്കള്‍ക്ക് സുരക്ഷിതമായി തിരിച്ചു കിട്ടിയത്.
നവജാതശിശുവിനെ മോഷ്ടിച്ച കളമശേരി സ്വദേശി നീതു ഇന്നലെ പിടിയിലായിരുന്നു. നഴ്സിന്റെ വേഷത്തില്‍ എത്തിയാണ് നീതു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. മൂന്നുദിവസം പ്രായമായ കുഞ്ഞിനെയാണ് പ്രതി മോഷ്ടിച്ചത്.
വില്‍ക്കാനായാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പ്രതി മൊഴി നല്‍കിയത്. കൃത്യം നടത്താന്‍ മെഡിക്കല്‍ കോളേജിനു സമീപനം നേരത്തെ മുറിയെടുത്തുവെന്നും അവര്‍ പറഞ്ഞു. ബാര്‍ ഹോട്ടലില്‍ മുറിയെടുത്തത് നാലാം തിയ്യതിയാണ്. എട്ടുവയസുള്ള ആണ്‍കുട്ടിയും ഇവര്‍ക്കുണ്ടായിരുന്നു.
ഗാന്ധിനഗര്‍ പൊലീസ് കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി. ഡന്റല്‍ കോളജില്‍ നഴ്സിന്റെ വേഷത്തിലെത്തിയും ഇതേ സ്ത്രീയെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.