‘നമ്മളെ നയിച്ചവർ ജയിക്കണം, തുടര്‍ച്ചയോടെ നാട് വീണ്ടും ഉജ്വലിക്കണം’ എല്‍.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് ഗാനവുമായി സിത്താര


2021 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണ ഗാനം ഇടതുമുന്നണി പുറത്തിറക്കി. ‘നമ്മളെ നയിച്ചവര്‍ ജയിക്കണം, വരണമിടതുഭരണമിവിടെ വീണ്ടും’ എന്നിങ്ങനെ തുടങ്ങുന്ന വരികളോടെയാണ് ഗാനം മുന്നോട്ട് പോകുന്നത്. സംഗീതവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാര്‍ ആണ്.

ബി.കെ ഹരിനാരായണനാണ് ഗാനത്തിനായി വരികളൊരുക്കിയിരിക്കുന്നത്. ഉറപ്പാണ് കേരളം എന്ന തലക്കെട്ടോടെയാണ് എല്‍.ഡി.എഫ് കേരള എന്ന യൂട്യൂബ് ചാനലില്‍ ഗാനം പങ്കുവെച്ചത്. ഇതുവരെയുള്ള ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള വരികളാണ് പാട്ടിനായി തയ്യാറാക്കിയിരിക്കുന്നത്.

സമൂഹത്തിലെ വിവിധ ശ്രേണികളെ പ്രതിനിധാനം ചെയ്യുന്ന സാധാരണ ജനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഗാനം മുന്നോട്ടുപോകുന്നത്. നിരവധി പേരാണ് ഇതിനോടകം ഗാനം കേൾക്കുകയും പങ്കുവെക്കുകയും ചെയ്തത്.