നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ; ചക്കിട്ടപ്പാറയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ ആക്രി ചലഞ്ച്
ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ നിര്‍ദ്ധരരായ വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ പഠനസൗകര്യം സജ്ജമാക്കാനായി ആക്രി ചലഞ്ച്. പഞ്ചായത്തിലെ അയല്‍ക്കൂട്ടങ്ങള്‍, യുവജന സംഘടനകള്‍, വാര്‍ഡ് സമിതികള്‍ എന്നിവ സംയുക്തമായി ചേര്‍ന്ന് വീടുകളില്‍ നിന്ന് ആക്രി വസ്തുകള്‍ ശേഖരിച്ച് വിറ്റാണ് പഠനോപകരണങ്ങള്‍ വാങ്ങാനുള്ള ധനം സമാഹരിക്കുന്നത്.
പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നരിനട ഒന്‍പതാം വാര്‍ഡില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബിന്ദു സജി അദ്ധ്യക്ഷത വഹിച്ചു. ഷിനോജ്, സീന എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്തിലെ വിവിധ മേഖലകളില്‍ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടിലാണ്. ഇത് പരിഹരിക്കുന്നതിനായി ഇന്റര്‍നെറ്റ് കണക്ഷന് കേബിള്‍ വലിക്കാനും, പഞ്ചായത്തിലെ മുഴുവന്‍ ട്രൈബല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠന സംവിധാനം ഒരുക്കാനുമാണ് പഞ്ചായത്തിന്റെ ലക്ഷ്യം. ആക്രി സാധനങ്ങള്‍ ശേഖരിച്ച് ഏകദേശം 15 ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യം വെക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമായാല്‍ പഞ്ചായത്തിലെ 159 ഓളം വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനസൗകര്യം ഒരുക്കാന്‍ കഴിയും.