നന്മയ്ക്ക് കൈത്താങ്ങായി ഒരു കോഴിക്കോടന്‍ മാതൃക; അപകടങ്ങളില്‍ പെടുന്നവരെ രക്ഷപ്പെടുത്തുന്ന വാഹനങ്ങളിലെ രക്തക്കറ സൗജന്യമായി കഴുകി നല്‍കുമെന്ന് മലാപ്പറമ്പിലെ സ്ഥാപനം


കോഴിക്കോട്: വാഹനാപകടങ്ങളില്‍ പെടുന്നവരെ രക്ഷപ്പെടുത്താന്‍ വിമുഖത കാണിക്കുന്നവരാണ് നമ്മുടെ സമൂഹത്തില്‍ ഏറെയും. സമയോചിതമായ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ പല വിലപ്പെട്ട ജീവനുകളും നമുക്ക് രക്ഷിക്കാന്‍ കഴിയുമായിരുന്നു. പൊലീസ് കേസുള്‍പ്പെടെയുള്ള പുലിവാലുകള്‍ക്ക് പിറകെ പോകാന്‍ താല്‍പ്പര്യമില്ലാത്തത് കൊണ്ടും സ്വന്തം വാഹനങ്ങള്‍ വൃത്തികേടാക്കാന്‍ ആഗ്രഹിക്കാത്തത് കൊണ്ടുമെല്ലാമാണ് പലരും അപകടങ്ങളില്‍ പെടുന്നവരെ തൊടാന്‍ മടിക്കുന്നത്.

റോഡില്‍ അപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് പൊലീസ് നടപടികളുടെ ഭാഗമാകേണ്ടി വരില്ല എന്ന തീരുമാനം അടുത്തിടെയാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. കൂടാതെ റോഡപകടങ്ങളില്‍ പെടുന്നവരെ രക്ഷിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കാനും തീരുമാനമുണ്ട്. എന്നാല്‍ വാഹനങ്ങളില്‍ പുരളുന്ന രക്തക്കറയും അഴുക്കുമൊക്കെ എന്ത് ചെയ്യും?

ഇതിനൊരു ഉത്തരം നല്‍കുകയാണ് കോഴിക്കോട് മലാപ്പറമ്പിലെ കാഗോ എന്ന കാര്‍ വാഷ് സ്ഥാപനം. നന്മയുടെ പുതിയ മാതൃകയിലേക്കുള്ള വഴി തുറന്ന കാഗോയുടെ തീരുമാനത്തിന് നന്ദി അറിയിച്ച് കോഴിക്കോട് സിറ്റി പൊലീസ് ഉള്‍പ്പെടെ രംഗത്തെത്തി.

റോഡ് അപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്ന വാഹനങ്ങളില്‍ പുരളുന്ന രക്തക്കറയും അഴുക്കും സൗജന്യമായി വൃത്തിയാക്കി നല്‍കുമെന്നാണ് കാഗോ ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനം. വാഹനങ്ങളില്‍ രക്തക്കറയും അഴുക്കും പുരളുമെന്ന ആശങ്കയിലാണ് പലരും ഇതിന് മടിക്കുന്നതെന്നും അപകടങ്ങളില്‍ പെടുന്നവരെ അവഗണിക്കരുതെന്നും കാഗോ ആവശ്യപ്പെടുന്നു. മലാപ്പറമ്പ് ഗോള്‍ഫ് ലിങ്ക് റോഡില്‍ റെനോ സര്‍വ്വീസ് സെന്ററിന് എതിര്‍വശത്തായാണ് കാഗോ കാര്‍വാഷ് സ്ഥിതി ചെയ്യുന്നത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.