നന്മണ്ടയിലെ ശിശിരയ്ക്കായി ഫയര്‍ ആന്റ് റസ്‌ക്യൂ സംഘം തിരച്ചില്‍ നടത്തിയത് പത്ത് മണിക്കൂറോളം; മൃതദേഹം കണ്ടെത്തിയത് 22 അടിയോളം ആഴമുള്ള കുളത്തില്‍ നിന്ന്


നന്മണ്ട: ചൊവ്വാഴ്ച പുലര്‍ച്ചെ കാണാതായ നന്മണ്ട പരലാട് പാറക്കുഴി രജീഷിന്റെ ഭാര്യ ശിശിരയുടെ മൃതദേഹം കണ്ടെത്തിയത് 22 അടിയോളം ആഴമുള്ള കുളത്തില്‍നിന്ന്. പത്ത് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് ഫയര്‍ ആന്ററ് റസ്‌ക്യൂ സ്‌കൂബ സംഘം മൃതദേഹം കണ്ടെത്തിയത്.

നന്മണ്ട 13ലെ ഇടിഞ്ഞതില്‍ ഇന്ദ്രജിത്താണ് 72 അടി താഴ്ചയില്‍നിന്ന് ശിശിരയുടെ മൃതദേഹം ചൊവ്വ പകല്‍ 1.20ന് മുങ്ങിയെടുത്തത്. തൃക്കരിപ്പൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഇന്ദ്രജിത്ത് മുങ്ങല്‍ വൈദഗ്ധ്യത്തില്‍ അഡ്വാന്‍സ് കോഴ്‌സ് കഴിഞ്ഞ് അവധിക്ക് വീട്ടിലെത്തിയതായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തി തെരച്ചിലിന് സഹായിക്കുകയായിരുന്നു. കോഴ്‌സ് കഴിഞ്ഞശേഷമുള്ള ആദ്യമുങ്ങല്‍ ഇതോടെ അനൗദ്യോഗികമായി.

ഏഴുകുളം പരലാട് ക്വാറിയിലാണ് 22 അടി താഴ്ചയില്‍ വെള്ളമുള്ള കുളമുള്ളത്. പുലര്‍ച്ചെ മൂന്നുമണിയോടെ എത്തിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം നടത്തിയ വിശ്രമമില്ലാതെ തിരച്ചില്‍ തുടരുകയും ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

നരിക്കുനി ഫയര്‍ റെസ്‌ക്യൂ അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി.പി. രാമചന്ദ്രന്‍, സ്‌കൂബ ടീം അംഗങ്ങളായ ശിഹാബുദ്ദീന്‍, ജിന്‍സ് ജോര്‍ജ്, ബൈജുരാജ്, പി. വിനീത്, അഭിലാഷ്, മിഥുന്‍, ഇന്ദ്രജിത്ത്, നിഖില്‍, കൂരാച്ചുണ്ട് അമീന്‍ റെസ്‌ക്യൂ ടീം അംഗങ്ങളായ വിനു ആലക്കാട്, സാദിഖ്, മുജീബ്, മുസ്തഫ, ഷറഫുദ്ദീന്‍ എന്നിവരാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്.

പതിനാല് മാസം മുമ്പായിരുന്നു മടവൂര്‍ സ്വദേശിനിയായ ശിശിരയുടെയും രാജേഷിന്റെയും വിവാഹം. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ഭര്‍തൃവീട്ടില്‍ നിന്നും യുവതിയെ കാണാതായതിനെ തുടര്‍ന്ന് രാജേഷാണ് പൊലീസില്‍ പരാതി നല്‍കിയത്.

അന്വേഷണം തുടരുന്നതിനിടയില്‍ വീടിനു സമീപത്തെ പാറക്കുഴിയ്ക്ക് അരികില്‍ ശിശിരയുടെ മൊബൈല്‍ഫോണും ചെരിപ്പും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നരിക്കുനി, വെള്ളിമാടുകുന്ന്, മീഞ്ചന്ത എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും കൂരാച്ചുണ്ടില്‍ നിന്നുള്ള അമീന്‍ റസ്‌ക്യൂ ടീമും ചേര്‍ന്ന് പാറക്കുളത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്നു.