നന്മ…കരുണ… കലയിൽ അലിഞ്ഞ ജീവിതം… അതായിരുന്നു ആ കമ്യൂണിസ്റ്റ്


മണിശങ്കർ

നാടിന് ചൂണ്ടികാണിക്കാൻ കെല്ല്പ്പും കരുത്തുമുള്ള ചില കമ്യൂണിസ്റ്റ് വ്യക്തിത്വങ്ങളുണ്ട്. പകരം വെയ്ക്കാനാവാത്ത ചില മാതൃകാ മനുഷ്യർ. സാഹിത്യം, കല, കായികം, സംഘാടനം, മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കൽ, തുടങ്ങിയ കഴിവുകളാൽ എതിരാളികൾ
പോലും നമിച്ചു പോകുന്ന ചിലർ. അത്തരം ഒരാളായിരുന്നു പന്തലായിനിക്കാരുടെ പ്രിയ സഖാവ് കെ.വി.പ്രഭാകരൻ മാസ്റ്റർ. സത്യസന്ധത, സഹജീവി സ്നേഹം, കരുണ എന്നിവ മറ്റേതൊരു കമ്യൂണിസ്റ്റി നേക്കാളും മീതേയായിരുന്നു മാഷിന്.

പൊയിൽക്കാവ് യു.പിയിലെ കുട്ടികളുടെ പ്രിയപ്പെട്ട ഗണിതാധ്യാപകൻ മാത്രമായിരുന്നില്ല പ്രഭാകരൻ മാഷ്. ഉപജില്ലയിലെ, അല്ല ജില്ലയിലെ തന്നെ മാതൃകാധ്യാപകനായിരുന്നു. വായിക്കാൻ താത്പര്യമുള്ള കുട്ടികൾക്ക് വായിക്കാൻ പുസ്തകം, ഹാർമോണിയം വാങ്ങാൻ കാശില്ലാത്തതിന്റെ പേരിൽ സംഗീത പഠനം മുടങ്ങുന്നവന് ഹാർമോണിയം, പണമില്ലാത്തതിന്റെ പേരിൽ പഠനം മുടങ്ങുന്നൂ എന്ന ഘട്ടത്തിൽ ചില വിദ്യാർത്ഥികൾക്ക് നോട്ട് പുസ്തകവും പാഠപുസ്തകവും, വിശക്കുന്നവന് ഭക്ഷണം, മരുന്ന് കിട്ടാത്തവന് മരുന്ന് എല്ലാം നിശബ്ദം വാങ്ങി നല്കിയ പ്രഭാകരൻ മാഷേ അധികം പേർക്കും അറിയുമോയെന്ന് എനിക്കറിയില്ല. കാരണം ഒരു കൈ കൊണ്ട് ചെയ്യുന്നത് മറ്റേ കൈ അറിയരുതെന്ന് മാഷിന് നിർബന്ധമുണ്ടായിരുന്നു.

മികച്ചൊരു കലാസാംസ്കാരിക സംഘാടകനായിരുന്നു മാഷ്, സ്കൂൾ യുവജനോത്സവങ്ങൾ, കേരളോത്സവം, നാട്ടിൻ പുറങ്ങളിലെ കലാസമിതി വാർഷികങ്ങൾ എല്ലാറ്റിനും പ്രഭാകരൻ മാഷായിരുന്നു മുന്നിൽ. നാടകം എഴുതുക മാത്രമല്ല നാടകം മികച്ച രീതിയിൽ സംവിധാനം ചെയ്തും മാഷ് നാടിന്റെ ആദരവ് പിടിച്ചുപറ്റിയിരുന്നു. കവിതയും നൃത്തം ഉൾപ്പടെയുള്ള കലാരൂപങ്ങളും കോർത്തിണക്കി കൊണ്ട് മാഷ് ചിട്ടപ്പെടുത്തിയ സംഗീതശില്പം അക്കാലത്ത് ഏത് പരിപാടിയേക്കാളും വേദിയിൽ ഏറെ ശ്രദ്ധനേടിയ ഇനമായിരുന്നു.

നിലവിലുള്ളതും മൺമറഞ്ഞതുമായ എല്ലാകേരളീയ കലാരൂപങ്ങളെക്കുറിച്ചും സാമാന്യത്തിൽ കവിഞ്ഞ ധാരണ മാഷ്ക്കുണ്ടായിരുന്നു. “കേരളീയ കലകൾ” എന്ന മാഷ് എഴുതിയ പുസ്തകത്തിലൂടെ കടന്നു പോയാൽ നമുക്കത് ബോധ്യവും.
ഞാൻ പ്രദീപം മാസികയുടെയും പത്രത്തിന്റെയും പത്രാധിപ സമിതിയിൽ ഉണ്ടായിരുന്നപ്പോഴാണ് മാഷിന്റെ കലാപഠനങ്ങളും കഥകളും അധികവും അച്ചടിച്ചുവരുന്നത്. അതിനു മുമ്പേ തന്നെ യുറീക്കയിൽ മാഷ് കുട്ടികൾക്ക് വേണ്ടി നിരന്തരം എഴുതാറുണ്ടായിരുന്നു.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സമരമായിരുന്നു മാഷിന്റെ ഒട്ടുമിക്ക കഥകളുടെയും കാതൽ. പ്രദീപത്തിലെ ഒരു കഥ കണ്ട് സാഹിത്യ വാരഫലത്തിൽ എം കൃഷ്ണൻ നായർ എതാണ്ട് ഇങ്ങനെ എഴുതി: “ഗ്രാമീണ വിശുദ്ധിയും നന്മയുമുള്ള രചന”. രണ്ട് കഥാ സമാഹാരങ്ങളും ഒരു നോവലും മാഷിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്; ഗണിത ശാസ്ത്ര പ്രതിഭകൾ എന്ന ജീവചരിത്ര പുസ്തകവും. കഥയെഴുത്തിന് ഒന്നിലധികം അവാർഡും ലഭിച്ചിട്ടുണ്ട്.

എന്തിനും ഏതിനും ഏത് പാതിരാത്രിക്കും ഒപ്പമുണ്ടാകുന്ന ഒരാൾ. നമ്മളുടെ ഉയർച്ചയിൽ സന്തോഷിക്കുകയും വേദനയിൽ താങ്ങായി കൂടെയുണ്ടാവുകയും ചെയ്യുന്ന ആൾ. അതെ നമ്മളെ ശരിക്കും ചേർത്തു പിടിക്കുന്ന സഖാവ്. അതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം പ്രഭാകരൻ മാഷ്. ഒരു വ്യവസായ സഹകരണ സംഘം തുടങ്ങാൻ ഞാൻ ശ്രമംനടത്തിയപ്പോൾ. നാട്ടിൽ ഒരു കൈയെഴുത്തു മാസിക തുടങ്ങിയപ്പോൾ, ഒക്കെ അതിന്റെ മാർഗദർശിയായി മാഷുമുണ്ടായിരുന്നു. ഞാനും സുഹൃത്തുക്കളും ഒരു മാസിക തുടങ്ങിയപ്പോൾ വരിസംഖ്യ ചേർത്തു തന്ന് കൊണ്ട്, എന്റെ പ്രണയം വിവാഹ ജീവിതത്തിലേക്ക് വഴിമാറുന്ന ഘട്ടത്തിൽ മാധ്യസ്ഥന്റെ റോളിൽ ഒക്കെ നിഴൽ പോലെ മാഷുണ്ടായിരുന്നു.

മാഷുടെ വീട്ടിൽ വലിയൊരു ഗ്രന്ഥശേഖരമുണ്ട്. ഒരു കാലത്ത് എന്റെയും വായനമുറി അതായിരുന്നു. ഡിഗ്രിക്ക് പഠിക്കുകയായിരുന്നു വിവാഹ സമയത്ത് ഷൈമ. മലയാളം മെയിൻ ആയിരുന്ന അവൾക്ക് വേണ്ട ചില പുസ്തകങ്ങൾ കൂടി തന്റെ പുസ്തകങ്ങളുടെ ഒപ്പം ബുക്ക്സ്റ്റാളിൽ പോകുമ്പോൾ മാഷ് വാങ്ങുമായിരുന്നു.

സാംസ്കാരിക പരിപാടിയുടെ ചുമതല ഏറ്റെടുത്താൽ മാഷ് ഊണും ഉറക്കവും മറക്കും. ഒരിക്കൽ കേരളോത്സവ സമയത്ത് സംഘാടക സമിതിയുടെ ചെയർമാനായ മാഷ് രാത്രി 12 മണിക്ക് എന്നോട് ചോദിച്ചു “എന്തെങ്കിലും കഴിക്കണം എവിടെയെങ്കിലും കടയുണ്ടാകുമോ?” ഞാൻ പറഞ്ഞു: “ടോപ്പ് ഹോം അടച്ചിട്ടുണ്ടാവില്ല.” അവിടെയെത്തി കദളി പഴവും ചായയും കഴിച്ചു കൊണ്ടിരുന്ന മാഷോട് ഞാൻ ചോദിച്ചു. ” ഇതുവരെ ഒന്നും കഴിച്ചിരുന്നില്ലെ മാഷ് “
“ഇല്ല. ഇപ്പളല്ലേ സമയം കിട്ടിയത്. ”
ഉച്ചയ്ക്ക് വെജിറ്റബിൾ ബിരിയാണി ഉണ്ടായിരുന്നു. അത് കഴിക്കാൻ പാസ് നല്കി എന്നെയും രമേശ് ബേബിയേയും നിർബന്ധിച്ച്‌ പറഞ്ഞയച്ചിട്ടാണ് മാഷ് ഭഷണം കഴിക്കാൻ മറന്നത്. മറ്റൊന്നും കൊണ്ടല്ല മാഷിന് കലയും സാഹിത്യവും ഒരു വല്ലാത്ത ലഹരിയായിരുന്നു. അതിന്റെ തലപ്പത്തിരിക്കുമ്പോൾ മാഷ് എല്ലാം മറക്കും.

മെയ് 22. പ്രഭാകരൻ മാഷിന്റെ ഓർമദിനം. മാഷിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം.