നന്തി മേൽപാലത്തിനു സമീപം ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് ചരിഞ്ഞു; ഒഴിവായത് വൻ ദുരന്തം (വീഡിയോ കാണാം)


കൊയിലാണ്ടി: നന്തി മേൽപാലത്തിന് സമീപം ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ടു റോഡരികിലേക്ക് പാതി മറിഞ്ഞു. കണ്ണൂർ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. പഴയ ടോൾ ബൂത്തിന് സമീപമാണ് അപകടം നടന്നത്. ആളപായമില്ല.

കൊയിലാണ്ടിയിൽ നിന്നും എ.എസ്.ടി.ഒ പ്രമോദ് പി.കെ യുടെ നേതൃത്തത്തിൽ അഗ്നിശമന സേനയെത്തി ഗ്യാസ് ചോർച്ചയില്ലെന്നു ഉറപ്പു വരുത്തി. ക്രയിൻ ഉപയോഗിച്ച് ടാങ്കർ പൊക്കിയെടുത്ത് സുരക്ഷിതമായി മാറ്റാനുള്ള ശ്രമം ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഇതിനായി രണ്ടു ക്രയിനുകൾ എത്തിച്ചിട്ടുണ്ട്.

വാഹനം റോഡരികിലേക്ക് ഒതുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായതെന്നും ആളപായമില്ല എന്നും കൊയിലാണ്ടി ഫയർ ഫോഴ്സിലെ ജീവനക്കാരൻ നിധിൻ പ്രസാദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.