നന്തിയിലെ റെയിൽപാളത്തിൽ ബോധരഹിതനായ നിലയിൽ യുവാവിനെ കണ്ടത് കാലത്ത് പത്രമിടാൻ പോയവർ; ഷാഫിയുടെ മരണം തലയ്ക്കേറ്റ ഗുരുതരമായ പരിക്കിനെ തുടർന്ന്


കൊയിലാണ്ടി: നന്തി പുള്ളുകുളത്ത് റെയില്‍വേ ട്രാക്കിന് സമീപത്തു കൂടി പത്രമിടാൻ പോയവരാണ് അസ്വാഭാവികമായ നിലയിൽ ഒരാൾ റെയിൽവേ ട്രാക്കിൽ കിടക്കുന്നത് കണ്ടത്. ബോധരഹിതനായ നിലയില്‍ കണ്ടെത്തിയ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും കൊണ്ടുപോകുകയായിരുന്നു.

പതിയാരക്കര പുതുപ്പണം സ്വദേശി മുഹമ്മദ് ഷാഫി എന്ന യുവാവിനെയാണ് ബോധമറ്റ നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാഫിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ഇന്നലെ വൈകിട്ട് മാതാവിന്റെ വീട്ടിൽ എത്തിയതായിരുന്നു ഷാഫി.

നന്തി ബീച്ചിലാണ് ഷാഫിയുടെ ഉമ്മയുടെ വീട്. ഇന്നലെ പതിയാരക്കരയിലെ വീട്ടില്‍ നിന്നും നന്തിയിലേക്ക് വന്നതാണ് ഷാഫി. രാത്രി എട്ടുമണിയോടെ നന്തിയിലെ വീട്ടില്‍ എത്തിയതായി വിവരം ലഭിച്ചിരുന്നെന്ന് ഷാഫിയുടെ നാട്ടുകാരനും അധ്യാപകനുമായ വാഹിദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഷാഫിയെ മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ കൂടെയുണ്ടായിരുന്ന ആളാണ് അദ്ദേഹം.

ഷാഫിയുടെ തലയുടെ പിറകുഭാഗത്താണ് പരിക്കേറ്റത്. സ്‌കാനിങ്ങിന് കൊണ്ടുപോകവെയാണ് മരണം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മയുടെ വീട്ടില്‍ നിന്നും രാത്രി പതിയാരക്കരയിലെ വീട്ടിലേക്ക് തിരിച്ച ഷാഫി ട്രെയിന്‍ തട്ടി മരിക്കുകയായിരുന്നുവെന്നാണ് കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നതെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഇന്‍ക്വസ്റ്റ് നടപടികളും അന്വേഷണവും പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.