നന്തന്‍കോട്ടെ മൂന്നംഗ കുടുംബം മുതല്‍ നടന്‍ രമേശ് വലിയശാലവരെ; ലോക്ക് ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം 84 ദിവസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത് 41 പേര്‍


കോഴിക്കോട്: കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം 84 ദിവസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത് 41 പേര്‍. മാധ്യമപ്രവര്‍ത്തകനായ ബി.ശ്രീജന്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്.

കണ്ണൂരില്‍ ആത്മഹത്യ ചെയ്ത ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലെ ജീവനക്കാരനും കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ നടന്‍ രമേശ് വലിയശാലയും ഈ പട്ടികയില്‍ ഏറ്റവും ഒടുവിലത്തേതാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ശ്രീജന്‍ ഈ കണക്കുകള്‍ പുറത്തുവിട്ടത്.

ശ്രീജന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം:

വീണ്ടും ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയിലെ ഒരു ജീവനക്കാരന്‍ തൊഴില്‍ പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇത്തവണ കണ്ണൂരില്‍ ആണ് സംഭവം. ഇന്നലെ മരിച്ച സീരിയല്‍ നടന്‍ രമേശ് വലിയശാലയുടെ മരണ കാരണവും തൊഴില്‍ നഷ്ടവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

കണ്ണൂര്‍ ആലക്കോട് അരങ്ങം സ്വദേശിയായ രാജേഷ് വടക്കന്‍ കേരളത്തിലെ കലാകാരന്മാര്‍ക്ക് സുപരിചിതനായ സൗണ്ട് ടെക്നിഷ്യന്‍ ആയിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി തൊഴില്‍ ഇല്ലാതെ കഷ്ടപ്പെടുകയായിരുന്നു. കണ്ണൂരിലെ വാടക വീട്ടില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം തൂങ്ങി മരിക്കുകയായിരുന്നു. 45 വയസ്. ഭാര്യയും രണ്ട് പെണ്‍ മക്കളുമുണ്ട്.

രമേശ് വലിയശാലക്ക് 54 വയസായിരുന്നു. സീരിയലുകള്‍ ലോക് ഡൗണില്‍ മുടങ്ങിയപ്പോള്‍ മുതല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നു. സെറ്റുകളില്‍ നിറ സാന്നിധ്യമായിരുന്ന രമേശ് ആത്മഹത്യ എന്ന വഴി തിരഞ്ഞെടുക്കുമെന്ന് സുഹൃത്തുക്കള്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ശനിയാഴ്ച രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

രാജേഷിനും രമേശിനും ആദരാഞ്ജലികള്‍.

ഇവരുടെ മരണം കൂടെ ചേര്‍ക്കുമ്പോള്‍ ലോക്ക് ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികാരണം കഴിഞ്ഞ 84 ദിവസത്തിനുള്ളില്‍ ജീവനൊടുക്കിയവരുടെ എണ്ണം 41 ആവും.
തിരുവനന്തപുരം നന്തന്‍കോട്ടെ മൂന്നംഗ കുടുംബം, ഗൗരീശപട്ടത്തെയും പാലക്കാട്ടെയും ലൈറ്റ് ആന്‍ഡ് സൗണ്ട് ബിസിനസ് ഉടമകള്‍, ഇടുക്കി വെള്ളിയാംകുടിയിലെ കര്‍ഷകന്‍, അടിമാലിയിലെ ബേക്കറി ഉടമ, മാന്നാറിലെ കംപ്യുട്ടര്‍ പരിശീലന കേന്ദ്രം ഉടമ, വയനാട്ടെ ബസ് ഉടമ, കുണ്ടംകുളത്തെ ടിപ്പര്‍ ഡ്രൈവര്‍, അദ്ദേഹത്തിന്റെ കൂലിപ്പണിക്കാരനായ പിതാവ്, തിരുവനന്തപുരം മലയിന്‍കീഴ് സ്റ്റേഷനറി കട ഉടമ, പാലക്കാട് പല്ലശ്ശേനയിലെ ട്രാക്ടര്‍ ഡ്രൈവര്‍, കൊല്ലം കൊട്ടിയത്തെ ട്രാവല്‍സ് ഉടമ, മലയിന്‍കീഴിലെ ക്ഷീര കര്‍ഷകന്‍ ശ്രീകാന്ത്, കോട്ടയം കല്ലറയിലെ വാന്‍ ഉടമ, വടകരയിലെ ചായക്കട ഉടമ, മാവേലിക്കരയിലെ ഗ്രാഫിക്‌സ് ഡിസൈന്‍ സ്ഥാപന ഉടമ, കോട്ടയത്തെ ക്രയിന്‍ ഓപ്പറേറ്റര്‍മാരായ ഇരട്ട സഹോദരങ്ങള്‍, കൊല്ലം കൊട്ടിയത്തെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ വനിത, ഇടുക്കി സേനാപതിയിലെ വ്യാപാരി, കോഴിക്കോട് വാടകരയിലെയും അത്തോളിയിലെയും ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍, കോട്ടയത്തെ ചായക്കട ഉടമ, ബാലരാമപുരത്തെ ബേക്കറി ഉടമ, കണ്ണൂര്‍ ഉളിക്കലിലെ പ്രവാസിയായ യുവാവ്, ഇടുക്കിയിലെ ബാര്‍ബര്‍ ഷോപ് ഉടമയായ യുവാവ്, ഇടുക്കി തൊടുപുഴയിലെ ചെരുപ്പ് നന്നാക്കുന്ന 56കാരന്‍, നോര്‍ത്ത് പറവൂര്‍ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ യുവാവ്, മൂന്നാര്‍ മാങ്കുളത്തെ റിസോര്‍ട് ഉടമ, കോലഞ്ചേരിയിലെ വീട്ടമ്മ, തിരുവനന്തപുരം മാറനല്ലൂരിലെ ഓട്ടോ ഡ്രൈവര്‍, കുണ്ടറയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ, പീരുമേട്ടിലെ ഹോട്ടല്‍ ഉടമ, ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ടെമ്പോ വാന്‍ ഡ്രൈവര്‍, തൃശ്ശൂരിലെ ഉത്സവ ചമയ നിര്‍മാണ കലാകാരന്‍, തിരുവല്ല വളഞ്ഞവട്ടത്തെ പ്രവാസി, തൃപ്രയാറിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് സംരംഭകന്‍ എന്നിവര്‍ ജൂണ്‍ 20ന് ശേഷം മരിച്ചിരുന്നു.