നടുവത്തൂര്‍ ശ്രീ വാസുദേവാശ്രമം ഹയര്‍സെക്കണ്ടറി സ്‌കൂളിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി; 21 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ്
മേപ്പയ്യൂര്‍: നടുവത്തൂര്‍ ശ്രീ വാസുദേവാശ്രമം ഹയര്‍സെക്കണ്ടറി സ്‌കൂളിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി. പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും ഉന്നത പഠനത്തിന് യോഗ്യതനേടി.
വിദ്യാലയത്തില്‍ 86 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ചതോടെ നൂറ് ശതമാനം വിജയം കൈവരിച്ച സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും. 21 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഒമ്പത് വിഷയങ്ങളില്‍ എ പ്ലസ് ലഭിച്ചു.
ഓണ്‍ലൈന്‍ വിദ്യഭ്യാസകാലത്ത് അധ്യാപകര്‍ നടത്തിയ ചിട്ടയായ ഓണ്‍ലൈന്‍ വിദ്യഭ്യാസ രീതികളാണ് ഉയര്‍ന്ന വിജയത്തിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിച്ചതെന്ന് രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു.
ഒരു കാലത്ത് കോഴിക്കോട് ജില്ലയിലെ പേരുകേട്ട വിദ്യാലയങ്ങളില്‍ ഒന്നായിരുന്നു എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കന്ററി സ്‌കൂള്‍. പരിപാലിക്കാന്‍ ആളില്ലാതെ നശിക്കാന്‍ തുടങ്ങിയപ്പോള്‍ സ്‌കൂളിന്റെ ഭരണം കഴിഞ്ഞ വര്‍ഷം വടകര ഡി.ഇ.ഒ ഏറ്റെടുത്തു. സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം ഇതോടെ പ്രവര്‍ത്തികമായി.
സര്‍ക്കാര്‍ ഏറ്റടെുക്കുമ്പോള്‍ അഞ്ഞൂറോളം വിദ്യാര്‍ഥികളും 44 ജീവനക്കാരുമാണ് സ്‌കൂളില്‍ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ സ്‌കൂളിന്റെ മുഖഛായ തന്നെ മാറുന്ന കാഴ്ചയാണ് എസ് എസ് എല്‍ സി ഫലം പുറത്തു വന്നതോടെ വ്യക്തമായത്. സ്‌കൂളില്‍ നിന്നും പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉപരി പഠനത്തിന് യോഗ്യത നേടിയത് നാടിനെ സമ്പന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്.