നടുവണ്ണൂർ പഞ്ചായത്ത് ജനസേവാകേന്ദ്രം അടിച്ചുതകർത്ത സംഭവം: പ്രതി റിമാൻഡിൽ
നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്ത് ജനസേവനകേന്ദ്രത്തിന്റെയും ഫ്രൺഡ് ഓഫീസിന്റെയും ചില്ലുകൾ അടിച്ചുതകർത്ത സംഭവത്തിൽ പ്രതിയെ റിമാൻഡ് ചെയ്തു. കരുമ്പാപ്പൊയിലിലെ പൂളക്കാപ്പൊയിൽ സനൽ കുമാർ(39)നെ റിമാൻഡ് ചെയ്തു.
പേരാമ്പ്ര കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. അതിക്രമിച്ചുകയറി പൊതുമുതൽ നശിപ്പിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത വകുപ്പിലാണ് ബാലുശ്ശേരി പോലീസ് ഇയാളെ അറസ്റ്റുചെയ്തത്.
ജനസേവാ കേന്ദ്രം ജീവനക്കാരിയായ അയല്‍വാസിക്കെതിരെ ഇയാള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഇരുകൂട്ടരെയും പഞ്ചായത്ത് ഓഫീസില്‍ വിളിച്ച് വരുത്തി ഈ പരാതി പരിഹരിക്കുകയും ചെയ്തു. എന്നാല്‍ ബുധനാഴ്ച മദ്യപിച്ചെത്തിയ യുവാവ് കുടയില്‍ ഒളിപ്പിച്ചുവെച്ച കൊടുവാള്‍ ഉപയോഗിച്ച് ജനസേവാ കേന്ദ്രത്തിലെ ഗ്ലാസ്സുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ജീവനക്കാരായ അശ്വതി, ഷൈമലത, പ്രസന്ന എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.