നടുവണ്ണൂർ പഞ്ചായത്ത് ജനസേവാകേന്ദ്രം കൊടുവാളുമായി എത്തി അടിച്ചുതകർത്തു; യുവാവ്‌ അറസ്‌റ്റിൽ


നടുവണ്ണൂർ: നടുവണ്ണൂർ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജനസേവാകേന്ദ്രം യുവാവ്‌ അടിച്ചുതകർത്തു. കൊടുവാൾ കൊണ്ടാണ്‌ തകർത്തത്‌. ജീവനക്കാരായ അശ്വതി, ഷൈമലത, പ്രസന്ന എന്നിവർക്ക് പരിക്കേറ്റു. ഇവരെ ബാലുശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കരുമ്പാപൊയിൽ പൂളക്കാം പൊയിൽ സനലാണ് (39) പഞ്ചായത്ത്‌ ഓഫീസിലെത്തി അതിക്രമം കാണിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പകൽ മൂന്നരയോടെയാണ് സംഭവം. ജനസേവാ കേന്ദ്രം ജീവനക്കാരിയായ അയൽവാസിക്കെതിരെ ഇയാൾ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കിയിരുന്നു.

ഇരുകൂട്ടരെയും പഞ്ചായത്ത് ഓഫീസിൽ വിളിച്ച് വരുത്തി ഈ പരാതി പരിഹരിക്കുകയും ചെയ്‌തു. എന്നാൽ ബുധനാഴ്ച മദ്യപിച്ചെത്തിയ യുവാവ്‌ കുടയിൽ ഒളിപ്പിച്ചുവെച്ച കൊടുവാൾ ഉപയോഗിച്ച്‌ ജനസേവാ കേന്ദ്രത്തിലെ ഗ്ലാസ്സുകൾ അടിച്ചുതകർത്തു. ഓഫീസിലെത്തിയവരും ജീവനക്കാരും പരിഭ്രാന്തരായി. നാട്ടുകാരാണ് ഇയാളെ കീഴടക്കിയത്. ബാലുശേരി പൊലീസെത്തി കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.