നടുവണ്ണൂര്‍ സ്വദേശി അശ്വന്തിന്റെ ദുരൂഹമരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ആക്ഷന്‍ കമ്മിറ്റി


നടുവണ്ണൂര്‍: നരയംകുളം തച്ചറോത്ത് ശശിയുടെ മകൻ അശ്വന്തിന്റെ (20) മരണത്തിലെ ദുരൂഹതയകറ്റാൻ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു. കണ്ണൂർ തോട്ടട ഗവ. പോളിടെക്നിക്കിലെ അവസാന വർഷ വിദ്യാർഥിയായ അശ്വന്തിനെ ഈ മാസം ഒന്നിന് പോളിടെക്നിക് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ബന്ധുക്കളും നാട്ടുകാരും ഹോസ്റ്റലിൽ എത്തുമ്പോൾ മൃതദേഹം അഴിച്ച് കിടത്തി ഇൻക്വസ്റ്റ് നടത്തിയിരുന്നു.
അശ്വന്ത് മരിക്കുന്നതിന്റെ തലേദിവസം ഹോസ്റ്റലിലെ ഒരു കുട്ടിക്ക് തലക്ക് മുറിവേറ്റിരുന്നു. ഇതിനെ കുറിച്ച് കൃത്യമായി അന്വേഷിക്കണം. മരിക്കുന്ന ദിവസം അർധരാത്രി 1.30 വരെ അശ്വന്ത് ഫോൺ ചെയ്യുന്നത്‌ കണ്ടെന്ന് ഹോസ്റ്റലിലെ ചില വിദ്യാർഥികൾ പറഞ്ഞിരുന്നു. എന്നാൽ ഇതിനെക്കുറിച്ചൊന്നും വേണ്ട രീതിയിൽ അന്വേഷണം നടത്തിയിട്ടില്ല. മരണം നടന്ന് 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് രക്ഷിതാക്കളുടെ മൊഴിയെടുക്കുകയോ ഫോണിലെ വിവരങ്ങൾ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും ആക്‌ഷൻ കമ്മിറ്റി ആരോപിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും ആക്‌ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എംപി, എംഎൽഎ, കലക്ടർ, ഡിജിപി എന്നിവർക്ക് നിവേദനം നൽകും. അശ്വന്തിന്റെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യുവാവിന്റെ അച്ഛന്‍ കണ്ണൂര്‍ എടക്കാട് പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
യോഗത്തിൽ എരഞ്ഞോളി ബാലൻ നായർ, ടി പി ബലറാം, പി സജീവൻ, ടി പി ബാലകൃഷ്ണൻ, രജീഷ് ആർദ്രം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി പി ഉഷ (ചെയർപേഴ്‌സൺ), എം കെ സതീഷ് (കൺവീനർ), കൊളക്കണ്ടി ബിജു (ട്രഷറർ).