നടുവണ്ണൂര്‍ സ്വദേശിയുടെ സ്ഥാപനത്തില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച ബംഗാള്‍ സ്വദേശി അറസ്റ്റില്‍


കോഴിക്കോട്: നടുവണ്ണൂര്‍ സ്വദേശി സാദിക്കിന്ററെ ഡാസില്‍ എന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച ബംഗാള്‍ സ്വദേശി അറസ്റ്റില്‍. പശ്ചിമബംഗാള്‍ ശ്യാംപൂര്‍ സ്വദേശി ദീപക് പ്രമാണിക് ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഒക്ടോബര്‍ ആറിനായിരുന്നു സംഭവം. പുതിയറയിലെ ആഭരണ നിര്‍മാണ ശാലയില്‍ നിന്നും 450 ഗ്രാം സ്വര്‍ണം മോഷ്ടിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണത്തില്‍ നിന്നും 150 ഗ്രാം ഇയാളില്‍ നിന്ന് കണ്ടെടുത്തു.

കസബ സി.ഐ ടി.എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഒരുമാസമായി പൊലീസ് ഇയാളെ തിരയുകയായിരുന്നു. മോഷണം നടത്തിയശേഷം ഇയാള്‍ തൃശൂര്‍, എറണാകുളം ബംഗാളിലെ 24 ഫര്‍ഗാന എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഡി.സി.പി സ്വപ്‌നില്‍ മഹാജന്‍ ബംഗാള്‍ പൊലീസുമായി ബന്ധപ്പെട്ട് ഇയാള്‍ക്കായി കെണിയൊരുക്കുകയും തുടര്‍ന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.

സി.ഐ ശ്രീജിത്തിന് പുറമേ സീനിയര്‍ സി.പി.ഒമാരായ ഷിറില്‍ദാസ്, പി. മനോജ്, സി.പി.ഒ പ്രനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.