നടുവണ്ണൂര്‍ പുതിയപ്പുറം അപകടവളവ്: റോഡിന്റെ ഘടനയില്‍ മാറ്റം വരുത്തുമെന്ന് കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എ


നടുവണ്ണൂര്‍: അപകടങ്ങള്‍ തുടര്‍ക്കഥയായ പുതിയപ്പുറത്തെ കൊടുംവളവ് നവീകരിച്ച് റോഡിന്റെ ഘടനയില്‍ മാറ്റം വരുത്താന്‍ നിര്‍ദേശം നല്‍കിയതായി കെ.എം.സച്ചിന്‍ദേവ് എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ റോഡ് സന്ദര്‍ശിച്ചു.

പാവങ്ങാട് ഉള്ള്യേരി കുറ്റ്യാടി റോഡിന്റെ രണ്ടാംഘട്ട നവീകരണത്തിനായി ബജറ്റില്‍ കിഫ്ബിയിലുള്‍പ്പെടുത്തി ഫണ്ട് വകയിരുത്തിയിട്ടുണ്ട്. കെ.ആര്‍.എഫ്.ബിയാണ് ഈ പ്രവൃത്തിയുടെ ഡി.പി.ആര്‍ തയ്യാറാക്കുന്നത്.

പുതിയപ്പുറത്ത് അപകടം ഇല്ലാതാക്കുന്ന രീതിയില്‍ റോഡിന്റെ ഘടനയില്‍ മാറ്റം വരുത്തണമെന്ന് എന്‍ജിനിയര്‍മാര്‍ക്ക് എം.എല്‍.എ. നിര്‍ദേശം നല്‍കി. നടുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍, കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു.

ഉള്ള്യേരി കുറ്റ്യാടി റോഡിലെ പുതിയപ്പുറത്തെ അപകടകരമായ വളവും പെരവച്ചേരി റോഡിലെ വലിയ കയറ്റവും കാരണം നിരന്തരം അപകടമുണ്ടാകുന്ന മേഖലയാണിത്. അഞ്ചോളം അപകട മരണങ്ങളും ഉണ്ടായി. നിങ്ങളോടൊപ്പം എം.എല്‍.എ. എന്ന പരിപാടിയില്‍ കോട്ടൂര്‍, നടുവണ്ണൂര്‍ പഞ്ചായത്തുകളില്‍നിന്ന് നിരവധിപേര്‍ ഈ റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു.