നടുവണ്ണൂര്‍ ടൗണിനെ വീര്‍പ്പു മുട്ടിച്ച് ഗതാഗതക്കുരുക്ക്; ഉടൻ പരിഹാരം വേണമെന്ന് ജനങ്ങൾ


നടുവണ്ണൂര്‍: നടുവണ്ണൂര്‍ ടൗണിനെ വീര്‍പ്പുമുട്ടിക്കുകയാണ് ഗതാഗതക്കുരുക്ക്. കോഴിക്കോട്-കുറ്റ്യാടി സംസ്ഥാന പാതയില്‍ വാഹനങ്ങളുടെ നീണ്ട നിര ഇവിടെ പതിവു കാഴ്ചയാണ്. വാകയാട് റോഡ്, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ പെടുന്നത്.

ചില ബസ്സുകള്‍ ബസ് സ്റ്റാന്റില്‍ പ്രവേശിക്കാതെ പ്രധാന റോഡില്‍ ആളെ ഇറക്കാനും കയറ്റാനുമായി നിര്‍ത്തുന്നതാണ് ഇവിടെ കുരുക്കിനുള്ള ഒരു കാരണം. ബസ് സ്റ്റാന്റിന് ഇരു വശത്തും ഓട്ടോറിക്ഷകളും മറുവശത്ത് ടൗണില്‍ വരുന്നവരുടെ സ്വകാര്യ വാഹനങ്ങളും നിര്‍ത്തിയിടുന്നത് കുരുക്ക് രൂക്ഷമാക്കുന്നു.

നിലവില്‍ ഒരു ഹോം ഗാര്‍ഡ് മാത്രമാണ് ഇവിടെ ട്രാഫിക് നിയന്ത്രണത്തിനായി ഉള്ളത്. കൂടുതല്‍ പേരെ ഇവിടെ നിയോഗിച്ച് നടുവണ്ണൂര്‍ ടൗണിലൂടെയുള്ള ഗതാഗതം സുഗമമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ കൂടി എത്തുന്നതോടെ ടൗണിലെ തിരക്ക് പതിന്മടങ്ങായി വര്‍ധിക്കുകയും സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാവുകയും ചെയ്യും. അതിന് മുമ്പായി അധികൃതര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.