നടുവണ്ണൂരിലും കോട്ടൂരിലും കാട്ടുപന്നിശല്യം രൂക്ഷം; പന്നികളെ ഉപാധികളോടെ വെടിവെക്കാന്‍ അനുമതി നല്‍കി പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ചർ


നടുവണ്ണൂർ: കോട്ടൂർ ഗ്രാമപ്പഞ്ചായത്തിലെ പതിമൂന്നാം വാർഡും നടുവണ്ണൂരിലെ പതിനൊന്നാം വാർഡും അതിർത്തിപങ്കിടുന്ന പൂവത്തുംചോല, രാരൻകണ്ടിക്കുഴി, ചോലമല, കുഴിയിൽത്താഴെ, വടക്കെവീട്ടിൽ ഭാഗങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായി.

വ്യാപകമായി കൃഷി നശിപ്പിക്കുന്നതോടൊപ്പം പ്രദേശവാസികൾക്കും മൃഗങ്ങൾക്കും ഭീഷണിയായതോടെ പന്നികളെ ഉപാധികളോടെ വെടിവെച്ചുകൊല്ലാൻ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ചർ കർഷകർക്ക് അനുമതി നൽകി. നാട്ടുകാർ നൽകിയ സങ്കടഹർജി പരിഗണിച്ച് എട്ട് കർഷകർക്കാണ് അനുമതി ലഭിച്ചത്.

കുന്നിൻപ്രദേശമായതിനാൽ ഇവിടങ്ങളിൽ ജനവാസം കുറവാണ്. വളർന്ന കാടുള്ളതിനാലും വെള്ളം കുടിക്കാൻ പാറക്കുളമുള്ളതുകൊണ്ടും പന്നികൾ ഇവിടം താവളമാക്കുകയാണ്.

ആഴ്ചകൾക്കുമുമ്പ് വാകയാട് പാറക്കൽത്താഴെ ഭാഗത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിനുനേരെ പന്നി ആക്രമണത്തിനെത്തിയിരുന്നു. കാറിലുള്ളവർ അതിശയകരമായി രക്ഷപ്പെടുകയായിരുന്നു.

ഒരു വീട്ടിലെ വളർത്തുനായ പന്നിയുടെ ആക്രമണത്തിൽ ചത്തു. കോട്ടൂർ ഗ്രാമപ്പഞ്ചായത്തിലെ ചങ്ങരോത്ത്കുന്ന്, പടിയക്കണ്ടി, മൂലാട്, നരയംകുളം, ചെടിക്കുളം, പൂനത്ത് പ്രദേശങ്ങളിലും പന്നിശല്യം രൂക്ഷമാണ്. ഡെപ്യൂട്ടി റെയ്ഞ്ചർ ബൈജുനാഥിന്റെ നേതൃത്വത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്.