നടപ്പാത നിര്‍മ്മാണം പൂര്‍ത്തിയായില്ല; വെള്ളക്കെട്ടില്‍ വലഞ്ഞ് നടുവണ്ണൂര്‍ കല്ലറത്താഴെ നിവാസികള്‍
നടുവണ്ണൂര്‍ : ഗ്രാമപ്പഞ്ചായത്ത് ഏഴാംവാര്‍ഡിലെ കല്ലറത്താഴെ നിവാസികള്‍ അപ്രതീക്ഷിതമായ വെള്ളക്കെട്ടില്‍ വലയുന്നു. കൈക്കനാലിന്റെ ഓരത്തുകൂടെ പകുതിയോളംമാത്രം നടപ്പാത നിര്‍മിച്ചതിനെത്തുടര്‍ന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടുതുടങ്ങിയത്. നടുവണ്ണൂര്‍ മൃഗാശുപത്രിമുതല്‍ കല്ലറവയല്‍വരെ 75 മീറ്ററോളമാണ് നടപ്പാത പണിതത്.
നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് അഞ്ചുലക്ഷം രൂപ കെട്ടിവെച്ചതിനെത്തുടര്‍ന്ന് ജലസേചനവകുപ്പാണ് ഇക്കഴിഞ്ഞ നവംബറില്‍ നിര്‍മാണംനടത്തിയത്. നടപ്പാത പണിതതോടെ മഴവെള്ളം വയലിലേക്ക് ഒഴുകുന്നത് തടസ്സപ്പെട്ടു. ഒഴുക്കുനിലച്ചതോടെ നേരത്തേ ഉണ്ടായിരുന്ന വഴിയില്‍ വെള്ളം കയറി കാല്‍നടയാത്ര ദുസ്സഹമായി. പ്രദേശത്തെ 10 വീട്ടുകാരും ഇതുവഴിയുള്ള മറ്റു യാത്രക്കാരുമാണ് വെള്ളക്കെട്ടുമൂലം ദുരിതത്തിലായത്. വൃദ്ധന്‍മാരായ രോഗികളെ എടുത്തുകൊണ്ടാണ് മെയിന്റോഡിലെത്തിക്കുന്നത്.
നടുവണ്ണൂര്‍ ടൗണില്‍നിന്ന് മൃഗാശുപത്രി, നടുവണ്ണൂര്‍ സുബ്രഹ്‌മണ്യക്ഷേത്രം, മഹാത്മ വിദ്യാലയം, മിനി വ്യവസായകേന്ദ്രം, ചെങ്ങോട്ടുപ്പാറ പ്രദേശം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള എളുപ്പവഴിയാണ് വെള്ളക്കെട്ടുമൂലം ഗതാഗതയോഗ്യമല്ലാതായത്. മൃഗാശുപത്രി ഭാഗത്ത്നിന്നാണ് പാത നിര്‍മിച്ചത്. പാത അവസാനിക്കുന്ന കുനിയില്‍ത്താഴെനിന്ന് നിര്‍മാണം തുടങ്ങിയിരുന്നെങ്കില്‍ വെള്ളം വയലിലേക്ക് ഒഴുകുമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് മെമ്പറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ടി.സി. സുരേന്ദ്രന്‍ പറഞ്ഞു.