നടന്നുപോകുകയായിരുന്ന ആളെ ആക്രമിച്ച് മൊബൈല്‍ തട്ടിപ്പറിച്ച സംഭവം: കൊയിലാണ്ടി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍


കോഴിക്കോട്: നടന്നുപോകുകയായിരുന്ന ആളെ ആക്രമിച്ച് മൊബൈല്‍ തട്ടിപ്പറിച്ച കേസില്‍ കൊയിലാണ്ടി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍. കൊയിലാണ്ടി ബീച്ച് റോഡില്‍ തൗഫത്ത് വീട്ടില്‍ അബ്ദുല്ല മുഹ്ദാര്‍ (23), കണ്ണൂര്‍ പുതിയ തെരുവ് സ്വദേശി മുബാറക് (23) എന്നിവരാണ് പിടിയിലായത്.

ഒക്ടോബര്‍ പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. സി.എച്ച് മേല്‍പ്പാലത്തിനു സമീപം റെയില്‍ ട്രാക്കില്‍ നിന്ന് അതുവഴി പോകുകയായിരുന്ന താമരശ്ശേരി സ്വദേശിയുടെ മൊബൈല്‍ തട്ടിപ്പറിക്കുകയായിരുന്നു. 17000 വില വരുന്ന ഫോണാണ് സംഘം മോഷ്ടിച്ചത്.

ഇയാള്‍ പ്രതികളുടെ അടയാളങ്ങള്‍ സഹിതം ടൗണ്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ മൊബൈല്‍ ഫോണ്‍ മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തിയതായി കണ്ടെത്തി.

ടൗണ്‍ പൊലീസിലെ എസ്.ഐമാരായ സി. ഷൈജു, വി.വി അബ്ദുല്‍ സലിം, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ സി. സിജേഷ് കുമാര്‍, പി. ഷിബു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.