നഗരസഭ ജീവനക്കാരിയെ അപമാനിച്ച സ്ഥിരംസമിതി ചെയർമാൻ രാജിവെക്കണം; ഡിവൈഎഫ്ഐ
പയ്യോളി : പയ്യോളി നഗരസഭയിലെ ജീവനക്കാരിയോട് അപമര്യാതയായി പെരുമാറിയ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നഗരസഭ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. സിപിഎം ഏരിയ സെക്രട്ടറി എം.പി.ഷിബു മാർച്ച് ഉദ്ഘാടനം ചെയ്തു.
ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകണമെന്ന് എം.പി.ഷിബു പറഞ്ഞു. ഇരിങ്ങൽ രജീഷ് അധ്യക്ഷത വഹിച്ചു. അനൂപ്.പി, അജയ് ഘോഷ്, വിഷ്ണു രാജ്, സാന്ദ്ര എന്നിവർ സംസാരിച്ചു.
കഴിഞ്ഞ ദിവസം നഗരസഭ ജീവനക്കാരൻ യുവതിയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത അടിയന്തര കൗൺസിൽ യോഗത്തിലാണ് നഗരസഭയിലെ വനിതാ ഉദ്യോഗസ്ഥയോട് സ്ഥിരംസമിതി ചെയർമാൻ വഴിവിട്ട് പെരുമാറിയത്.
പൊതു പ്രവർത്തകർക്ക് യോജിക്കാത്ത വിധത്തിൽ സ്ത്രീത്വത്തെ അപമാനിച്ച പയ്യോളി നഗരസഭാ സ്ഥിരം സമിതി ചെയർമാൻ കൗൺസിൽ സ്ഥാനം രാജിവെക്കണമെന്ന് എൽ ഡി എഫ് സഭനേതാവ് ടി.ചന്തു മാസ്റ്റർ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
നഗരസഭ ജീവനക്കാരും ഭരണസമിതി അംഗങ്ങളും തമ്മിലുള്ള വഴിവിട്ട ബന്ധങ്ങൾ ഓഫീസ് സംവിധാനം താറുമാറാക്കിയതായും, പണം നൽകാതെ ഓഫീസിൽ ഒന്നും നടക്കാത്ത സ്ഥിതിയാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഒരു വിഭാഗം ജീവനക്കാർ പയ്യോളിയിലെ സ്വകാര്യ ബാറിൽ വെച്ച് ചില യുഡിഎഫ് കൗൺസിലർമാർക്ക് മദ്യസൽക്കാരം നടത്തിയതായും ഇവർ ആരോപിക്കുന്നു.