നഗരത്തില്‍ ഹര്‍ത്താല്‍ പ്രതീതി; പ്രവര്‍ത്തിച്ചത് അവശ്യ സര്‍വ്വീസുകള്‍ മാത്രം; നിയന്ത്രണങ്ങളോട് പൂര്‍ണ്ണമായി സഹകരിച്ച് പേരാമ്പ്രക്കാര്‍


പേരാമ്പ്ര: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് പൂര്‍ണ്ണമായി സഹകരിച്ച് പേരാമ്പ്ര. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് ഇന്ന് തുറന്നു പ്രവര്‍ത്തിച്ചത്. കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍
ചുരുക്കം വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. പേരാമ്പ്ര ടൗണില്‍ പോലീസിന്റെ ശക്തമായ നിരീക്ഷണവുമുണ്ടായിരുന്നു.

പ്രദേശത്തെ ഹോട്ടലുകളും പഴം, പച്ചക്കറി, പലചരക്ക്, പാല്‍, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകളും രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതുമണിവരെ പ്രവര്‍ത്തിക്കും. ഹോട്ടലുകളില്‍ പാര്‍സര്‍ സര്‍വീസുകള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. മെഡിക്കല്‍ ഷോപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പല സ്വകാര്യ ചടങ്ങുകളും മാറ്റിവെച്ചു. വിവാഹങ്ങള്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചാണ് നടത്തുന്നത്.

ശനിയാഴ്ച അര്‍ദ്ധരാത്രി 12 മുതല്‍ ആരംഭിച്ച നിയന്ത്രണങ്ങള്‍ 24 മണിക്കൂര്‍ നീണ്ടു നില്‍ക്കും. നിയന്ത്രണങ്ങളോട് ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ട്. അതിനാല്‍ പേരാമ്പ്രയിലും സമീപ പ്രദേശങ്ങളിലുമെല്ലാം ഹര്‍ത്താല്‍ പ്രതീതിയായിരുന്നു ഇന്ന്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് ഇന്ന് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പേരാമ്പ്ര പോലീസ് പോരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഇന്നും ജനുവരി 30 നുമാണ് സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുണ്ടാവുക. സര്‍ക്കാര്‍ സര്‍വീസുകളിലും മറ്റും അവശ്യ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമേ യാത്രാ അനുമതിയുണ്ടാവുകയുള്ളൂ. ഇവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതണം. ദീര്‍ഘദൂര ബസുകള്‍ക്കും ട്രെയിനുകള്‍ക്കും അനുമതിയുണ്ടാവും. ആശുപത്രി പരീക്ഷാ യാത്രകള്‍ക്ക് രേഖകള്‍ കയ്യില്‍ കരുതണം. ഡെലിവറി സര്‍വീസുകളും രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പത് വരെ മാത്രമേ ഉണ്ടാവുകയുള്ളൂ.