നഗരത്തില്‍ മോഷ്ടാക്കളുടെ ഓണാഘോഷം; 30,000 രൂപ കൈക്കലാക്കി, സിസിടിവി ബ്ലോക്ക് ചെയ്തു, മോണിറ്റര്‍ കത്തിച്ചു
കോഴിക്കോട്: നഗരത്തിൽ തുടർച്ചയായി രണ്ടാം ദിവസവും ഒരേ രീതിയിലുള്ള മോഷണം. വലിയങ്ങാടിയിലെ പലചരക്കു മൊത്ത വ്യാപാര കടയായ ബഷീർ ട്രേഡേഴ്സ്, പള്ളിപ്പുറം ബ്രദേഴ്സ് എന്നീ രണ്ടു കടകളിലാണ് മോഷണം നടന്നത്. രണ്ടിടത്തു നിന്നായി 30,000 രൂപ മോഷ്ടാക്കൾ കൈക്കലാക്കി. ഷട്ടറിന്റെ പൂട്ടു പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്.
പള്ളിപ്പുറം ബ്രദേഴ്സിൽ എത്തിയപ്പോൾ മോഷ്ടാവ് സിസിടിവി ക്യാമറ ബ്ലോക്ക് ചെയ്തു. അകത്തു കയറിയ ശേഷം മോണിറ്റർ കത്തിച്ചു. ഹാർഡ് ഡിസ്ക് കൊണ്ടുപോയി. ഇവിടെ അലമാരയിൽ വച്ച 5,000 രൂപയാണ് മോഷണം പോയത്. ബഷീർ ട്രേഡേഴ്സിൽ നിന്ന് 25,000 രൂപയും കൈക്കലാക്കി.
ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി.രാജേഷിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധൻ പി.ശ്രീരാജ് പരിശോധന നടത്തി. പൊലീസ് നായ മണം പിടിച്ചു ചെറൂട്ടി റോഡ് വരെ ചെന്നു നിന്നു. വലിയങ്ങാടിയിൽ 4 ദിവസം മുൻപ് 5 കടകളിൽ മോഷ്ടാക്കൾ കടന്നിരുന്നു. ഇതിൽ ഒരിടത്തു നിന്ന് 16,000 രൂപ മോഷണം പോയി. ഇതേ രീതിയിലാണ് കഴിഞ്ഞ ദിവസം പറയഞ്ചേരി സിസ്കോം മൊബൈൽ ഫോൺ, ലാപ്ടോപ് സർവീസ് സെന്ററിൽ മോഷണം നടന്നത്. ഇവിടെ നിന്ന് രണ്ടര ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകളും 11,000 രൂപയുമാണ് മോഷണം പോയത്.
ഒരാളാണ് മോഷണം നടത്തുന്നതെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇവിടെ നിന്ന് ലഭിച്ച വിരലടയാളങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. മെഡിക്കൽ കോളജ് സ്റ്റേഷൻ ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.വലിയങ്ങാടിയിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നു കാലിക്കറ്റ് ഫുഡ് ഗ്രെയിൻസ് മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി പി.എം.ബഷീർ അഹമ്മദ് ആവശ്യപ്പെട്ടു.