ധീരസൈനികൻ ശ്രീജിത്തിന്റെ സംസ്കാര ചടങ്ങുകൾ ചേമഞ്ചേരിയിലെ വീട്ടിൽ ആരംഭിച്ചു
കൊയിലാണ്ടി: കശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികന്‍ ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയില്‍ സുബേദാര്‍ എം ശ്രീജിത്തിന്റ (42) മൃതദേഹം ശനിയാഴ്ച രാവിലെ ഏഴിന് സൈനിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഡൽഹിയിൽനിന്ന് വിമാനത്തിൽ കോയമ്പത്തൂരിൽ എത്തിച്ച മൃതദേഹം റോഡുമാർഗം വെള്ളിയാഴ്ച അർധരാത്രിക്കുശേഷം കോഴിക്കോട്ടെത്തിച്ചു.
ചടങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച് കൂടിയാലോചിക്കാൻ കാനത്തിൽ ജമീല എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേമഞ്ചേരി പഞ്ചായത്ത് ഓഫീസില്‍ യോഗം ചേർന്നു. കോവിഡ് പശ്ചാത്തലത്തിൽ പൊതുദര്‍ശനം ഒഴിവാക്കി. ഓണ്‍ലൈനിലൂടെ പൊതുദര്‍ശനത്തിനുള്ള ഒരുക്കം നടത്തും. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.
മന്ത്രി വെള്ളിയാഴ്ച വൈകിട്ട് ശ്രീജിത്തിന്റെ വീട്ടിലെത്തി അച്ഛൻ വല്‍സന്‍, അമ്മ ശോഭന, ഭാര്യ ഷജിന, മക്കളായ അതുല്‍ജിത്ത്, തന്‍മയ ലക്ഷ്മി, സഹോദരന്‍ അനൂപ് എന്നിവരെ ആശ്വസിപ്പിച്ചു. കാനത്തില്‍ ജമീല എംഎല്‍എ, കെ മുരളീധരൻ എംപി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, തഹസില്‍ദാര്‍ സി പി മണി, കൊയിലാണ്ടി സിഐ എന്‍ സുനില്‍കുമാര്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരും ശ്രീജിത്തിന്റെ വീട്ടിലെത്തി.
കശ്മീരില്‍ രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്റ്ററില്‍ പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം വ്യാഴാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് സുബേദാര്‍ എം ശ്രീജിത്ത് അടക്കം രണ്ട് ജവാന്‍മാര്‍ വീരമൃത്യു വരിച്ചത്. സിപായി എം ജസ്വന്ത് റെഡ്ഡിയും കൊല്ലപ്പെട്ടിരുന്നു. ഓണത്തിന് ശ്രീജിത്ത് നാട്ടില്‍ വരുമെന്ന പ്രതിക്ഷയില്‍ കഴിയുമ്പോഴാണ് അപ്രതീക്ഷിതമായി ശ്രീജിത്തിന്റെ മരണ വാര്‍ത്തയെത്തിയത്.
ശ്രീജിത്തിന്റെ വേര്‍പാടില്‍ മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, പി എ മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ അനുശോചിച്ചു.