ദേശീയ പാത വികസനം, ഭൂമിയില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ സ്ഥലമുടമകള്‍ക്ക് നോട്ടീസ്; അളവില്‍ അപാകമുണ്ടെന്ന് സ്ഥലമുടമകള്‍


കൊയിലാണ്ടി: വെങ്ങളം അഴിയൂര്‍ ദേശീയ പാത വികസനത്തിന് വിട്ടു കൊടുക്കുന്ന ഭൂമിയില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ ലാന്റ് അക്വിസിഷന്‍ അധികൃതര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കി തുടങ്ങി. ചെങ്ങോട്ടുകാവ് മുതല്‍ നന്തി വരെ ഡീവിയേഷന്‍ റോഡ് കടന്നു പോകുന്ന പ്രദേശങ്ങളിലെ സ്ഥലമുടമകള്‍ക്കാണ് ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചത്. പന്തലായനി വില്ലേജിലെ ഒട്ടനവധി പേര്‍ക്ക് നോട്ടിസ് ലഭിച്ചിട്ടുണ്ട്.

നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനുളളില്‍ ബന്ധപ്പെട്ട റവന്യു ഇന്‍സ്‌പെക്ടര്‍ക്ക് നഷ്ടപ്പെടുന്ന സ്ഥലം രേഖാമൂലം ഏല്‍പ്പിച്ചു കൊടുത്ത് ഭൂമിയില്‍ നിന്ന് ഒഴിഞ്ഞു പോകാനാണ് നിര്‍ദ്ദേശം. സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടർ (എല്‍.എന്‍.എച്ച്) ആണ് നോട്ടീസ് നല്‍കിയത്. ഭൂമി ഏറ്റെടുക്കുന്നതിന് പകരമായി കക്ഷികള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാര തുക ദേശീയപാത വികസന അധികൃതരില്‍ നിന്നും അനുവദിച്ചു കിട്ടിയിട്ടുണ്ടെന്നും, അത് വിതരണത്തിന് തയ്യാറായിരിക്കുകയാണെന്നും നോട്ടിസില്‍ പറയുന്നു.

നഷ്ടപരിഹാരം ലഭിക്കുന്നതിന് 13 രേഖകള്‍ സ്ഥലമുടമകള്‍ ഹാജരാക്കണം. വസ്തുവിന്റെ അസ്സല്‍ ആധാരം, അടിയാധാരം, ഭൂനമികുതി രശിതി, കൈവശാവാശ സര്‍ട്ടിഫിക്കറ്റ്, നോണ്‍ അറ്റാച്ച് മെന്റ് സര്‍ട്ടിഫിക്കറ്റ്, 15 വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കറ്റ്, ഏറ്റെടുക്കുന്ന ഭൂമിയില്‍ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ കെട്ടിട നികുതി അടച്ചതിന്റെ രശീറ്റ്, കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, വസ്തുവിന്റെ ഉടമ ജീവിച്ചിരിപ്പില്ലെങ്കില്‍ അനന്തരവകാശ സര്‍ട്ടിഫിക്കറ്റ്, വസ്തു സംബന്ധിച്ച് കോടതി ഉത്തരവുണ്ടെങ്കില്‍ ആ ഉത്തരവ്, വസ്തു ഉടമയുടെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ്,ബാങ്ക് പാസ് ബുക്ക് എന്നിവയാണ് ഹാജരാക്കേണ്ടത്.

നഷ്ടപരിഹാര തുക സ്വീകരിക്കാന്‍ ഉടമസ്ഥന് പകരം മറ്റാരെങ്കിലുമാണ് ഹാജരാക്കുന്നതെങ്കില്‍ മുഖ്ത്യാര്‍ രേഖയും വേണം. വീടും സ്ഥലവും നഷ്ട്ടപ്പെടുന്നവര്‍ക്ക് ലഭിച്ച റിക്കവറി നോട്ടിസില്‍ അളവും മറ്റും കാണിച്ചതില്‍ അപാകമുണ്ടെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യമുന്നയിച്ച് ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും സമരം ശക്തമാക്കാനും തീരുമാനിച്ചതായി ബൈപ്പാസ് പ്രതിരോധ സമിതി ചെയര്‍മാന്‍ പാവന്‍ വീട്ടില്‍ വേണുഗോപാല്‍ പറഞ്ഞു.