ദേശീയപാതാ വികസനത്തിനായി ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ ഉപയോഗിക്കാൻ കഴിയാത്ത അവശേഷിക്കുന്ന ഭാഗങ്ങള്‍ കൂടി നഷ്ടപരിഹാരത്തിനായി പരിഗണിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ദേശീയപാതാ വികസനത്തിനായി നഷ്ടപരിഹാരം നിര്‍ണ്ണയിക്കുമ്പോള്‍ ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ അവശേഷിക്കുന്ന ഭാഗം ഉപയോഗിക്കാന്‍ കഴിയുന്നതല്ലെങ്കില്‍ അത് കൂടി നഷ്ടപരിഹാരത്തിന് പരിഗണിക്കണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെതാണ് ഉത്തരവ്.
കായംകുളം സ്വദേശി അബൂബക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്.
ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭാഗികമായി പൊളിച്ച് മാറ്റേണ്ടി വരുന്ന കെട്ടിടത്തിന്റെ അവശേഷിച്ച ഭാഗം പുതിയ ദേശീയപാതയുടെ അതിര്‍ത്തിയായി മാറുന്നതോടെ നിരവധി സുരക്ഷാ പ്രശ്നങ്ങള്‍ താമസക്കാര്‍ നേരിടേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരുടെ നഷ്ടപരിഹാരം കണക്കാക്കുമ്പോള്‍ ഇത് കൂടി പരിഗണിക്കണമെന്നും ഹൈകോടതി നിര്‍ദ്ദേശം നല്‍കി.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
സംസ്ഥാനത്തെ ആറ് ദേശീയപാതകളുടെ വികസനത്തിനായി സ്ഥലമേറ്റെടുക്കുന്നതിനായി നല്‍കേണ്ട നഷ്ടപരിഹാര തുകയുടെ 25 ശതമാനം കേരളം വഹിക്കാമെന്ന് നേരത്തേ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തെ അറിയിച്ചിരുന്നു.
പാലക്കാട്-കോഴിക്കോട് എന്‍.എച്ച് 966 നാലുവരിപ്പാത (9272 കോടി), തിരുവനന്തപുരം-കൊട്ടാരക്കര-കോട്ടയം- അങ്കമാലി എന്‍.എച്ച് 183, എസ്.എച്ച് 01 (17,328 കോടി), എന്‍.എച്ച് 85 ല്‍ കൊച്ചി-മൂന്നാര്‍-തേനി നാലുവരിപ്പാത (11,552 കോടി) എന്നീ പദ്ധതികളുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനമാണ് കേരളം വഹിക്കുക. കുട്ട-മലപ്പുറം പുതിയ ദേശീയപാത, എന്‍.എച്ച് 544 വാളയാര്‍-വടക്കഞ്ചേരി ആറുവരിപ്പാത, തൃശൂര്‍ ഇടപ്പള്ളി ആറുവരിപ്പാത എന്നിവയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം വഹിക്കുന്നത് ധനവകുപ്പിന്റെ പരിഗണനയിലാണ്.
സംസ്ഥാനത്തെ ദേശീയപാതകളുടെ വികസനത്തിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന് മുഴുവന്‍ സഹായവും നല്‍കുമെന്ന് പൊതുമരാമത്തുമന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരത്തേ പറഞ്ഞിരുന്നു. പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ നിരന്തരം അവലോകനയോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.