ദേവികുളത്ത് രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസിനെ വിറപ്പിച്ച് പുള്ളിപ്പുലി


ദേവികുളം: രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസിനെ വിറപ്പിച്ച് പുള്ളിപ്പുലി. ദേവികുളം സബ് കളക്ടര്‍ ബംഗ്ലാവിന് സമീപത്തുവെച്ചാണ് രാത്രി പരിശോധനയ്ക്കിറങ്ങിയ പൊലീസ് വാഹനത്തിന് മുന്നില്‍ പുലി ചാടിയത്. രാത്രി പരിശോധനക്കായി ഇറങ്ങിയതായിരുന്നു ദേവികുളം സിഐയടക്കമുള്ളവര്‍. സബ് കളക്ടര്‍ ബംഗ്ലാവിന് സമീപത്തുവെച്ച് വാഹനത്തിന് മുന്നിലേക്ക് പുലി ചാടിയെത്തിയതോടെ ഒരുനിമിഷം എല്ലാവരും ഭയപ്പെട്ടു പോയി.

മൂന്നാറിലെ വിവിധ എസ്റ്റേറ്റുകളില്‍ പുലിയെ നേരില്‍ കണ്ട തൊഴിലാളികളുണ്ട്. കന്നിമല, ഗുണ്ടുമല, പെരിയവാര, ഗൂഡാര്‍വിള, നെറ്റിക്കുനടി, സൈലന്‍റുവാലി തുടങ്ങിയ മേഖലകളില്‍ നിന്നും നിരവധി കന്നുകാലികളാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

സംഭവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ വനപാലകര്‍ക്ക് പരാതി നല്‍കുകയും പഞ്ചായത്ത് അംഗങ്ങള്‍ ഓഫീസിന് മുമ്പില്‍ സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുലിയെ പിടികൂടാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പുലി കയറിപ്പോയ സബ് കളക്ടര്‍ ബംഗ്ലാവിന് സുരക്ഷ ശക്തമാക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ബംഗ്ലാവിന് സമീപത്തെ ചോലവനങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനും ആലോചനകള്‍ നടക്കുകയാണ്.