ദുരിത യാത്രയ്ക്ക് പരിഹാരമാകുന്നു; പേരാമ്പ്ര -താന്നിക്കണ്ടി- ചക്കിട്ടപാറ റോഡ് പ്രവൃത്തിക്ക് റീടെന്‍ഡറായി


പേരാമ്പ്ര: റോഡ് പണി പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ദുരിതയാത്ര സമ്മാനിക്കുന്ന പേരാമ്പ്ര-താന്നിക്കണ്ടി-ചക്കിട്ടപാറ റോഡിന്റെ പുനര്‍നിര്‍മാണത്തിന് റീടെന്‍ഡറായി. റോഡ് പണി പൂര്‍ത്തിയാക്കാന്‍ അലംഭാവം കാണിച്ചതിന് കരാറുകാരനെ ഒഴിവാക്കിയതിന്റെ തുടര്‍ച്ചയായാണ് നടപടി. കാസര്‍കോട്ടെ എംഡി കണ്‍സ്ട്രക്ഷനെയാണ് റോഡിന്റെ കരാറ് പണിയില്‍ നിന്ന് കഴിഞ്ഞ മാസം നീക്കം ചെയ്തത്.

ഇരിട്ടിയിലെ കെ.എം. ഗണേശനാണ് പുതിയ കരാറെടുത്തത്. റോഡ് പണിയുടെ അവശേഷിക്കുന്ന 9.075 കോടിയുടെ പ്രവൃത്തിക്കാണ് റീടെന്‍ഡര്‍ നല്‍കിയത്. എഗ്രിമെന്റ് ഒപ്പുവെച്ച് പ്രവൃത്തി നടത്തേണ്ടസ്ഥലം രേഖാമൂലം കൈമാറിക്കഴിഞ്ഞതായി പി.ഡബ്ല്യു.ഡി. അധികൃതര്‍ പറഞ്ഞു. ടാറിങ്, കലുങ്ക് നിര്‍മാണം, അഴുക്കുചാല്‍ നിര്‍മാണം എന്നിവയെല്ലാം ശേഷിക്കുന്ന പ്രവൃത്തിയില്‍ ഉള്‍പ്പെടും. പേരാമ്പ്ര ടൗണില്‍നിന്ന് തുടങ്ങി 8.2 കിലോമീറ്റര്‍ ദൂരത്തിലാണ് നിലവിലെ പാത വീതികൂട്ടി ബി.എം. ആന്‍ഡ് ബി.സി. നിലവാരത്തില്‍ റീടാറിങ് നടത്തുന്നത്.

പേരാമ്പ്ര -താന്നിക്കണ്ടി- ചക്കിട്ടപാറ റോഡിന്റെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും ടി.പി രാമകൃഷ്ണന്‍ എംഎല്‍എയും സ്ഥലം സന്ദര്‍ശിച്ചിരുന്നു. സമയബന്ധിതമായി പണി തീര്‍ക്കാന്‍ കരാറുകാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. എന്നിട്ടും പുരോഗതി ഉണ്ടായില്ല. തുടര്‍ന്നാണ് കരാറുകാരനെ നീക്കിയത്.

ഇതോടെ ശേഷിച്ച പ്രവൃത്തി ടെന്‍ഡര്‍ചെയ്യുമ്പോള്‍ അധികമായിവരുന്ന ബാധ്യത പഴയ കരാറുകാരനാണെന്ന വ്യവസ്ഥയോടെയാണ് കരാറുകാരനെ ഒഴിവാക്കിയത്. റീടെന്‍ഡര്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ നടത്താന്‍ മന്ത്രി നിര്‍ദേശിച്ചിരുന്നു. അതിനാല്‍ പെട്ടെന്ന് അടങ്കല്‍ തയ്യാറാക്കി വേഗത്തില്‍ റീടെന്‍ഡര്‍ നടന്നു.

16 മാസംകൊണ്ട് അഞ്ച് കലുങ്കുകളും 1070 മീറ്റര്‍ അഴുക്കുചാലുമടക്കം 10 ശതമാനത്തോളം പ്രവൃത്തി മാത്രമാണ് ഇതുവരെ റോഡില്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞവര്‍ഷം മേയ് 29-ന് ആദ്യകരാറുകാരന്‍ പ്രവൃത്തി ഏറ്റെടുത്തിരുന്നു. ഒമ്പതുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനായിരുന്നു നിര്‍ദേശം. നിശ്ചിത സമയത്തിനകം പണി പൂര്‍ത്തീകരിക്കാത്തതിനാല്‍ 2021 ജൂലായ് 30 വരെ കാലാവധി നീട്ടി നല്‍കി. എന്നിട്ടും കാര്യങ്ങള്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു. ടാറിങ് തുടങ്ങാന്‍ താമസിച്ചതിനാല്‍ നിലവിലെ റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് വാഹനയാത്ര ദുരിതപൂര്‍ണമായിട്ടുണ്ട്. റോഡിന്റെ പണി പൂര്‍ത്തിയാവുന്നതോടെ യാത്ര സുഗമമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.