ദുരന്തങ്ങളില്‍ പകച്ചു പോകുന്നവര്‍ക്ക് കൈത്താങ്ങായി കൂരാച്ചുണ്ടിലെ അമീന്‍ റെസ്‌ക്യു ടീം
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓടി എത്തുകയാണ് അമീന്‍ റസ്‌ക്യു ടീം.
ദുരന്തങ്ങളില്‍ പകച്ചുപോകുന്നവര്‍ക്ക് കൈത്താങ്ങാവാന്‍. ഓള്‍ ഇന്ത്യാ ബോയ്‌സ് സ്‌കൗട്ടിന്റെ കീഴിലുള്ള മുപ്പതംഗസംഘമാണ് കൂരാച്ചുണ്ടിലെ
അമീന്‍ റസ്‌ക്യു.
നിരവധി പ്രകൃതി ദുരന്തങ്ങള്‍ക്കും അപകടമരണങ്ങള്‍ക്കും സാക്ഷ്യം വഹിച്ച നാടാണ് കൂരാച്ചുണ്ടും പരിസര പ്രദേശങ്ങളും. മഴക്കാലത്ത് ഉരുള്‍പൊട്ടുന്നത് ഇതിടെ പതിവാണ്. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രളയത്തിന് കൂരാച്ചുണ്ട് മേഖലയിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് അമീന്‍ റസ്‌ക്യൂ മുന്‍ നിരയിലുണ്ടായിരുന്നു. കേരളത്തിലെ പ്രധാന വിനോദസഞ്ചാരമേഖലയായ കക്കയം, കരിയാത്തുംപാറ ഉള്‍പ്പെടുന്നത് കൂരാച്ചുണ്ട് പഞ്ചായത്തിലാണ്. അപകടങ്ങള്‍ പതിയിരിക്കുന്ന ഇവിടങ്ങളില്‍ മിക്കപ്പോഴും രക്ഷകരായെത്തുന്നത് അമീന്‍ സംഘമാണ്.
പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ദുരന്തനിവാരണത്തിനായുള്ള പരിശീലനവും ഇവര്‍ നല്‍കുന്നുണ്ട്. പുത്തുമല, കവളപ്പാറ, പതങ്കയം, കരിഞ്ചോല മല എന്നിവിടങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങളിലെല്ലാം സംഘം സേവനരംഗത്തുണ്ടായിരുന്നു. മറ്റ് സാമൂഹികപ്രവര്‍ത്തനങ്ങളിലും സേനാംഗങ്ങള്‍ സജീവമാണ്.
വി.എം. ബഷീറാണ് സേനയുടെ ചെയര്‍മാന്‍. സാദിഖ് ഓണാട്ടാണ് ക്യാപ്റ്റന്‍. കോഴിക്കോട് ജില്ലാ സ്‌കൗട്ട് ഓര്‍ഗനൈസിങ് കമ്മിഷണറായ ബിജു കക്കയമാണ് പരിശീലകന്‍. ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സുമനസ്സുകളുടെ സഹായം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് സംഘം. ബോട്ടും ഡ്രോണും കൂടിയായാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാമെന്ന് ഇവര്‍ പറയുന്നു.