ദു:ഖ വാര്‍ത്ത; കിണറ്റില്‍ നിന്ന് രക്ഷിച്ച ആന ചരിഞ്ഞു


ആനക്കാംപൊയില്‍: തീറ്റതേടിയിറങ്ങി ആന പൊട്ടക്കിണറ്റില്‍ വീണതും അതിനെ രക്ഷിച്ചതുമെല്ലാം നമ്മള്‍ കഴിഞ്ഞ ദിവസം കണ്ടതാണ്. എന്നാല്‍ ആ ആന ചരിഞ്ഞു എന്ന സങ്കട വാര്‍ത്തയാണ് ഈ പകലില്‍ വരുന്നത്. പതിനാല് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വെള്ളിയാഴ്ച ആനയെ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തി കാട്ടിലേക്കയച്ചിരുന്നുവെങ്കിലും അവശനായ ആന സമീപത്ത് കുഴഞ്ഞുവീണു. തുടര്‍ന്ന് വെറ്റിനറി സര്‍ജന്റെ നേതൃത്വത്തില്‍ ചികിത്സ നല്‍കി. വനംവകുപ്പ് മരുന്നും വെളളവും എത്തിച്ചു നല്‍കി.

അടുത്ത പകലില്‍ ആന കാടുകയറുമെന്ന പ്രതീക്ഷ വനംവകുപ്പ് പങ്കുവെച്ചിരുന്നു. കിണറ്റിന്‍ നിന്ന് പുറത്തെത്തിച്ച ആനയ്ക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ നിര്‍ജ്ജലീകരണമാണ് ആനയുടെ നില വഷളാക്കിയത്.

തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയില്‍ തൊണ്ണൂറിലാണ് കഴിഞ്ഞ ദിവസം കിണറ്റില്‍ വീണത്. ഇവിടേക്ക് നാലുകിലോമീറ്ററുകളോളം നടന്നെത്തണമെന്നുളളതാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ വെല്ലുവിളിയായത്. കിണറിന് സമീപത്തേക്ക് മണ്ണുമാന്തി എത്തിച്ച് കിണറിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്. ആന കിണറ്റില്‍ വീണിട്ട് മൂന്നുദിവസമായെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു.

വനഭൂമിയോട് ചേര്‍ന്നാണ് കിണര്‍ അതിനാല്‍ കാട്ടാന വീണത് പുറത്തറിയാന്‍ വൈകി. ആനയെ രക്ഷിക്കാന്‍ നാട്ടുകാരും വനംവകുപ്പും എത്തി. മുമ്പ് ജനവാസ മേഖലയായിരുന്നു ഇവിടം. പതിനഞ്ചോളം കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കാട്ടുമൃഗങ്ങളുടെ ശല്യത്തെ തുടര്‍ന്ന് ആളൊഴിഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക